വിദ്യാര്‍ത്ഥിനിയ്ക്ക് കോവിഡ്; ആശങ്കയില്‍ സഹപാഠികളും അധ്യാപകരും

മാതൃകാ ചിത്രം

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഡിഗ്രീ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ കോവിഡ് സ്ഥിരീകരിച്ച വിവരം ആരോഗ്യപ്രവര്‍ത്തകരും കോളേജ് അധികൃതരും വിവരം സഹപാഠികളെ അറിയിച്ചില്ലെന്ന് ആക്ഷേപം ഉയരുകയാണ്. ജൂണ്‍ 23 മുതല്‍ 29 വരെ നടന്ന ഡിഗ്രീ പരീക്ഷയില്‍ മലയാളം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ ഇരുപത് കാരിയ്ക്കാണ് കോവിഡ് പോസിറ്റീവായത്.

പത്തനംതിട്ട നഗരത്തിലെ പ്രധാന കോളേജാണിത്. പോസിറ്റീവായ വിദ്യാര്‍ത്ഥിനി മുമ്പ് കുലശേഖരപതിയില്‍ കോവിഡ് സ്ഥിരീകരിച്ച പൊതു പ്രവര്‍ത്തകനായ യുവനേതാവിന്റെ സഹോദരിയാണ്. വിദ്യാര്‍ത്ഥിനിയുടെ സഹോദരന് 6നും ഇവര്‍ക്ക് 12 നും ആണ് കോവിഡ് സ്ഥിരീകരിച്ചത്. 2ന് ആയിരുന്നു കൊവിഡ് പരിശോധനയ്ക്ക് നേതാവിന്റെ സ്രവം എടുത്തത്. വിദ്യാര്‍ത്ഥിനിയുടെ കൂടെ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളിലൊരാള്‍ ആശുപത്രിയിലെത്തിയപ്പോള്‍ പരിശോധിക്കാതെ മടക്കി അയച്ചെന്നും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കണം എന്നും പറഞ്ഞതായി വിദ്യാര്‍ത്ഥി പറയുന്നു. ഇപ്പോള്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രോഗ ഭീതിയിലാണ്. കോവിഡ് മാനദണ്ഡപ്രകാരം ഒരു ബെഞ്ചില്‍ രണ്ട് കുട്ടികളാണ് പരീക്ഷ എഴുതേണ്ടത്. എന്നാല്‍ കോളേജില്‍ ഒരു ബെഞ്ചില്‍ മൂന്ന് പേരാണ് പരീക്ഷയ്ക്കിരുന്നത്. പോസിറ്റീവായ വിദ്യാര്‍ത്ഥിനി രണ്ട് പേരുടെ നടുവിലിരുന്നാണ് പരീക്ഷ എഴുതിയത്.

സാമൂഹിക അകലം പ്രതീക്ഷിച്ചാണ് കോളേജില്‍ എത്തിയത്. പക്ഷെ അടുത്തടുത്താണ് ബെഞ്ചുകളിട്ടിരുന്നത്. ഒരു ബെഞ്ചില്‍ മൂന്ന് പേര്‍ വീതമായിരുന്നു. ഒരു കൊവിഡ് മാനദണ്ഡവും പാലിച്ചിരുന്നില്ല. ഇപ്പോഴും ആ കുട്ടിയ്ക്ക് പോസിറ്റീവായത് അറിയാത്തവരുണ്ട്. കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥികളെ അറിയിച്ചിട്ടില്ല. പരീക്ഷയ്ക്ക് മുമ്പ് സൈന്‍ ചെയ്യുന്നത് ഒരേ പേപ്പറിലാണ്. ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിച്ചെങ്കിലും പിന്നീട് അവര്‍ വിളിച്ചില്ല. ആ ഹാളില്‍ ഏകദേശം 35 കുട്ടികള്‍ ഉണ്ടായിരുന്നു. ആ കുട്ടി കൂട്ടുകാരോട് അടുത്തിടപഴകയിട്ടുണ്ട്. പക്ഷെ ആരും ക്വാറന്റൈനില്‍ പോയതായി അറിയില്ലെന്നും പരീക്ഷാ ഹാളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥി പറഞ്ഞു.

SHARE