കെ.എസ്.യു പ്രവര്‍ത്തകനെ ആളുമാറി കൊലപ്പെടുത്തി; അക്രമം സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍

ചവറ: കെ.എസ്.യു പ്രവര്‍ത്തകനെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മര്‍ദിച്ചു കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ തേവലക്കര അരിനല്ലൂര്‍ മല്ലകത്ത് കിഴക്കതില്‍ വിനീതിനെ (30) പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയിലെ കെ.എസ്.യു നേതാവായിരുന്ന തേവലക്കര അരിനല്ലൂര്‍ ചിറാലക്കോട്ട് കിഴക്കതില്‍ രാധാകൃഷ്ണപിള്ള – രജനി ദമ്പതികളുടെ മകന്‍ രഞ്ജിത്തിനെ (18) ആണ് സി.പി.എം പ്രവര്‍ത്തകര്‍ ആളുമാറി കൊലപ്പെടുത്തിയത്.
ഫെബ്രുവരി 14ന് രാത്രി 9.30നാണ് ജയില്‍ വാര്‍ഡന്‍ വിനീതും, സി.പി.എം അരിനല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസ്സന്‍പിള്ളയും കൂട്ടുപ്രതികളായ മറ്റ് ആറുപേരും ചേര്‍ന്ന് രഞ്ജിത്തിനെ രാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കി മര്‍ദിച്ചത്. പ്രണയ ദിനത്തില്‍ വിനീതിന്റെ അടുത്ത ബന്ധുവായ പെണ്‍കുട്ടിയെ രഞ്ജിത്ത് ശല്ല്യപ്പെടുത്തിയെന്ന് ആരോപിച്ച് ആളുമാറിയായിരുന്നു മര്‍ദനം.
ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ബോധം നഷ്ടപ്പെട്ട രഞ്ജിത്തിനെ ശാസ്താംകോട്ട താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ന്ന് കൊല്ലം ജില്ലാ ആസ്പത്രിയിലേക്കും പിന്നീട് കൊച്ചി അമൃതാ ഹോസ്പിറ്റലിലും അവിടെനിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്കും മാറ്റുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അന്ത്യം സംഭവിച്ചത്. മര്‍ദനത്തിന്റെ പേരില്‍ രഞ്ജിത്തിന്റെ ബന്ധുക്കള്‍ നേരത്തെ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ചവറ തെക്കുംഭാഗം പൊലീസ് കേസ് എടുത്തെങ്കിലും പ്രതികളെ ആരെയും അറസ്റ്റു ചെയ്തിരുന്നില്ലെന്ന് രഞ്ജിത്തിന്റെ മാതാപിതാക്കള്‍ പറഞ്ഞു. വിനീത് സര്‍വിസിലിരിക്കവേ തന്നെ നാട്ടില്‍ ഒരു അടിപിടി കേസില്‍ പ്രതിയായിരുന്നുവെന്ന് തെക്കുംഭാഗം പൊലീസ് പറഞ്ഞു. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ രഞ്ജിത്ത് പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയില്ലെന്നു തെളിഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിനു ശേഷം അരിനെല്ലൂരിലെ വീട്ടിലെത്തിച്ച മൃതദേഹം ഇന്നലെ വൈകിട്ട് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. രഞ്ജിത്തിന്റെ സഹോദരന്‍ രാഹുല്‍.