ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ വിവാദമായ പൗരത്വ ബില്ലുകള്‍ പിന്‍വലിക്കുന്നതുവരെ രാജ്യത്തുടനീളം സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് പ്രമുഖ സാമൂഹ്യപ്രവര്‍ത്തക മേധാപട്കര്‍ പറഞ്ഞു. ഡല്‍ഹി യൂണിവേഴ്സിറ്റി നോര്‍ത്ത് ക്യാമ്പസില്‍ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഒരുമിച്ച് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
ഭാവി പൗരന്മാരായ വിദ്യാര്‍ഥികള്‍ ഇന്ന് രാജ്യത്തുടനീളം ഭരണഘടന സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പോരാട്ടത്തിലാണ്. ഭരണഘടന സംരക്ഷിക്കുന്നതിനുവേണ്ടി തെരുവില്‍ ഇറങ്ങുന്ന വിദ്യാര്‍ഥികള്‍ ശുഭസൂചകമാണ്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഫാസിസ്റ്റ് നിലപാടുകള്‍ രാജ്യം ചെറുത്തു തോല്‍പ്പിക്കുമെന്ന് അവര്‍ പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ ചെറുമകന് തുഷാര്‍ ഗാന്ധി, കരുണാ നന്ദി, ജസ്റ്റിസ് കോള്‍സെ പാട്ടില്‍, അറഫാ ഖാനും ഷെര്‍വാനി, എം എസ് എഫ് ദേശീയ പ്രസിഡണ്ട് ടി പി അഷ്റഫ് അലി, ഭാരവാഹികളായ ഇ ഷമീര്‍, പിവി അഹമ്മദ് സാജു, വിവിധ വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ എന്നിവര്‍ പ്രസംഗിച്ചു.