സര്‍ക്കാരുകളെ വിമര്‍ശിച്ച തെരുവു നാടകത്തിന് നേരെ പൊലീസ് ഗുണ്ടായിസം

മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ച് അവതരിപ്പിച്ച ‘നേര് പൂക്കുന്ന നേരം’ തെരുവുനാടകത്തിന് നേരെ പൊലീസ് ഗുണ്ടായിസം. കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം നടത്തുന്ന കലാജാഥയില്‍ അവതരിപ്പിച്ച തെരുവുനാടകമാണ് പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചത്. കലയോടുള്ള സി.പി.എം അസഹിഷ്ണുതയാണ് പൊലീസിനെ വിളിച്ച് വരുത്തി നാടകം തടയാന്‍ കാരണമെന്നും വിമര്‍ശനങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരേ മുഖമാണെന്ന് തെളിയിക്കുന്നതാണ് പൊലീസ് നടപടിയെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കാണ് മലപ്പുറം കുന്നുമ്മല്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റ് പരിസരത്ത് നാടകം അരംഭിച്ചത്. ബി.ജെ.പി നേതൃത്വം നല്‍കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കെതിരെയും നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണ വീഴ്ചകള്‍ പറഞ്ഞും അഴിമതികളും തുറന്ന് കാണിച്ചും ആരംഭിച്ച നാടകം സര്‍ക്കാര്‍ നിര്‍മിത പ്രളയത്തെയും സംസ്ഥാനത്തെ അക്രമരാഷ്ട്രീയത്തെയും വിമര്‍ശിച്ചു. ഇതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. നാടകം കാണാന്‍ തടിച്ചു കൂടിയ നാട്ടുകാര്‍ ഗതാഗതകുരുക്കുണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് പൊലീസ് നാടകം നിര്‍ത്തിച്ചത്. നാടക പ്രവര്‍ത്തകരുടെ സൗണ്ട് സിസ്റ്റം ബലമായി ഓഫ് ചെയ്യുകയും വാഹനം മാറ്റാന്‍ ആവിശ്യപ്പെടുകയുമായിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതികരിക്കുകയും നേരത്തെ കലക്ട്രറുടെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിപാടി ഇവിടെ തന്നെയാണ് അവതരിപ്പിച്ചിരുന്നതെന്ന് പൊലീസിനെ ബോധിപ്പിക്കുകയും ചെയ്തു. കൂടാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇതേ സ്ഥലത്ത് പരിപാടികള്‍ അവതരിപ്പിച്ചപ്പോഴൊന്നും അതിനെ തടയാതിരുന്ന പൊലീസ് ഇരട്ടനീതിയാണ് നടപ്പിലാക്കുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. ഇതോടെ നാടകം തടഞ്ഞ പൊലീസ് നടപടി തെറ്റാണെന്ന് സമ്മതിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ പിരിഞ്ഞ് പോയത്.