ലോക്ക്ഡൗണ്‍ 4.0; യമുന നദിയും കടന്ന് കുടിയേറ്റ തൊഴിലാളികള്‍

‌ന്യൂഡല്‍ഹി: കോവിഡിനെതിരെ തുടരുന്ന രാജ്യവ്യാപക ലോക്ക്്ഡൗണ്‍ അതിന്റെ നാലാം ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയില്‍ തന്നെ കുടിയേറ്റ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിത ജീവിതത്തിന്റെ കാഴ്ചകള്‍ക്ക് നിരവധി തവണ ഇന്ത്യ സാക്ഷിയായിട്ടുണ്ട്. എന്നാല്‍ നാട്ടിലെത്താനായി യമുന നദിയും നീന്തി കടന്നിരിക്കിരയാണ് കുടിയേറ്റ തൊഴിലാളികള്‍.

ലോക്ക്ഡൗണില്‍ ഹരിയാനയില്‍ കുടുങ്ങിയ നൂറോളം വരുന്ന കുടിയേറ്റ തൊഴിലാളികളാണ് യുപിയിലെത്താന്‍ യമുന നീന്തികടന്നത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബങ്ങള്‍ കൂട്ടമായി യമുന മുറിച്ചുകടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നാട്ടിലെത്താനായി നടത്തം തുടര്‍ന്ന തൊഴിലാളികളുടെ മുന്നില്‍ യമുനയും ഒരു വെല്ലുവിളിയായില്ലെന്ന്‌ കാണിക്കുന്നതാണ് ദൃശ്യങ്ങള്‍. വെള്ളം കുറഞ്ഞ ഭാഗത്തൂടെയാണ് തൊഴിലാളികള്‍ നദി മുറിച്ചുകടക്കടന്ന് ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെത്തിയത്.

വ്യാഴാഴ്ച രാത്രിയോടെ തൊഴിലാളികള്‍ നദി മുറിച്ചുകടന്ന് ഷംലിയിലെ കൈരാന പട്ടണത്തിലെത്തിയത് വാര്‍ത്തയായതോടെ ജില്ലാ അധികൃതര്‍ ഇവരെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയാതായാണ് വിവരം. സംസ്ഥാന അതിര്‍ത്തികള്‍ പൂട്ടിയതോടെ വഴിമുടങ്ങിയ തൊഴിലാളികള്‍ അധികൃതരുടെ അനുമതിയില്ലാതെതന്നെ നദി മുറിച്ചുകടക്കുകയായിരുന്നു.

വീട്ടിലെത്താന്‍ കാല്‍നടയായി യാത്ര തിരിച്ച നിരവധി കുടിയേറ്റ തൊഴിലാളികളാണ് വഴിയില്‍വെച്ചുതന്നെ ഇതിനകം രാജ്യത്ത് മരിച്ചിരിക്കുന്നത്. ഇതിനിടെയാണ് നദി മുറിച്ചുകടന്നും തൊഴിലാളികള്‍ വീടണയാന്‍ ശ്രമിക്കുന്നത്.