ജാര്‍ഖണ്ഡില്‍ വീണ്ടും കൂട്ടമാനഭംഗം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ പരാതിയില്‍ 11 പേര്‍ അറസ്റ്റില്‍

ലോഹര്‍ദാഗ: ജാര്‍ഖണ്ഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടമാനഭംഗത്തിനിരയാക്കിയ 11 അംഗ സംഘം പിടിയില്‍. അക്രമത്തിനിരയായ പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 18 നും 28 നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായത്.

ആഗസ്ത് 16 നാണ് പെണ്‍കുട്ടികള്‍ കൂട്ടബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടികള്‍ സഞ്ചരിച്ച മോട്ടോര്‍സൈക്കിള്‍ തകരാറിലായതിനെ തുടര്‍ന്ന് സഹായത്തിന് വിളിച്ച സുഹൃത്തിന്റെ കൂട്ടാളികളാണ് ഇവരെ മാനഭംഗപ്പെടുത്തിയതെന്നാണ് വിവരം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്, സ്‌കൂട്ടര്‍ തകരാറിലാതിനെ തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ അവളുടെ അയല്‍വാസിയായ സുഹൃത്തിന്റെ സഹായം തേടുകയായിരുന്നു. എന്നാല്‍ സഹായത്തിന് ആളെ അയക്കുന്നതിനു പകരം അയാള്‍ തന്റെ 11 സുഹൃത്തുക്കളെ സംഭവ സ്ഥലത്തേക്ക് അയച്ച് പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയി അളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു.

പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകള്‍ സംഘം തട്ടിയെടുത്തതായും പോലീസ് പറഞ്ഞു. തുടര്‍ന്ന് പ്രതികളിലൊരാളുടെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെടുക്കുകയായിരുന്നു.