മുംബൈ: കോവിഡ് മഹാമാരിയില്‍ തകരുകയാണ് ഇന്ത്യയിലെ വിപണിയും ശതകോടീശ്വരന്മാരും. മുകേഷ് അംബാനി, ഉദയ് കൊടക്, ആനന്ദ് മഹീന്ദ്ര, ഗൗതം അദാനി, അസിം പ്രംജി… എല്ലാ ശതകോടീശ്വരന്മാര്‍ക്കും സഹസ്രം കോടികളുടെ നഷ്ടമുണ്ടായ കാലത്ത് ലാഭമുണ്ടാക്കുന്ന ഒരാളുണ്ട്, ഒരേയൊരാള്‍- രാധാകിഷന്‍ ദമാനിയെന്ന സൂപ്പര്‍ മാര്‍ക്കറ്റ് ശൃഖലയുടെ അധിപന്‍.
ഈ വര്‍ഷം മാത്രം ദമാനിയുടെ ആസ്തി അഞ്ചു ശതമാനം വര്‍ദ്ധിച്ച് 10.2 ബില്യണ്‍ യു.എസ് ഡോളറായി എന്നാണ് കണക്കുകള്‍. ഏകദേശം 77,306 കോടി രൂപയുടെ ആസ്തി. ബ്ലൂംബര്‍ഗിന്റെ 12 അതിസമ്പന്നരുടെ ബില്യണയര്‍ ഇന്‍ഡക്‌സില്‍ ഈ വര്‍ഷം നേട്ടമുണ്ടാക്കിയ ഏക കോടീശ്വരന്‍ ഇദ്ദേഹമാണ്.
‘സൂപ്പര്‍’ മാര്‍ക്കറ്റുകള്‍
ദമാനിയുടെ നിയന്ത്രണത്തിലുള്ള അവന്യൂ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഓഹരികളില്‍ ഈ വര്‍ഷം ഇതുവരെ 18 ശതമാനം വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ അവശ്യസാധനങ്ങളുടെ വില്‍പ്പന കുതിച്ചുയര്‍ന്നതാണ് അവന്യൂ സൂപ്പര്‍മാര്‍ക്കറ്റിന് നേട്ടമുണ്ടാക്കിയത്. ഇതേസമയം, എതിരാളികള്‍ക്ക് നേട്ടമുണ്ടായതുമില്ല. ഡി മാര്‍ട്ട് എന്ന പേരില്‍ അവന്യൂ സൂപ്പര്‍മാര്‍ക്കറ്റിന് രാജ്യത്തുടനീളം 196 സ്‌റ്റോറുകള്‍ ആളുള്ളത്. 33,597 തൊഴിലാളികളുമുണ്ട്.

അതിസമ്പന്നരില്‍ രണ്ടാമന്‍
ഫോബ്‌സിന്റെ കണക്കു പ്രകാരം 2020 ഫെബ്രുവരി 15ന് മുകേഷ് അംബാനി കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ അതി സമ്പന്നനാണ് രാധാകൃഷ്ണ ദമാനി. 18.8 ബില്യണ്‍ യു.എസ് ഡോളറാണ് ആസ്തി. 2017 മാര്‍ച്ചിലാണ് അവന്യൂ സൂപ്പര്‍ മാര്‍ക്കറ്റ് ഓഹരി വിപണിയില്‍ രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള കമ്പനികളില്‍ ഒന്നാണിത്.
ബികോം ഡ്രോപ് ഔട്ട്
ബികോം പഠനം പൂര്‍ത്തിയാക്കാതെയാണ് അച്ഛന്‍ ശിവ്കിഷന്‍ജി ദമാനിയുടെ പാത പിന്തുടര്‍ന്ന് രാധാകിഷന്‍ ഓഹരി വിപണിയിലെത്തുന്നത്. സുഹൃത്തുക്കളുമായി ചേര്‍ന്ന് ട്രിപ്പ്ള്‍ ആര്‍സ് എന്ന കമ്പനി രൂപീകരിച്ചു. ബോംബെ ഓഹരി വിപണിയില്‍ ഹര്‍ഷദ് മേത്ത വാഴുന്ന കാലമാണത്. അപ്പോളോ ടയേഴ്‌സിന്റെ ഓഹരിയില്‍ മേത്തയും ട്രിപ്പിള്‍ ആര്‍സും കൊമ്പു കോര്‍ത്തു. വിജയും രാധാകിഷന്‍റെ പക്ഷത്തായിരുന്നു.
അവിടന്നങ്ങോട്ട് ഡി സ്ട്രീറ്റില്‍ ദമാനി വെന്നിക്കൊടി നാട്ടി.
ദലാല്‍ സ്ട്രീറ്റിലെ വിജയത്തില്‍ നിന്നാണ് പിന്നീട് ദമാനി സ്വന്തം റീട്ടെയില്‍ ഷോപ്പുകള്‍ എന്ന ആശയത്തിലേക്ക് വരുന്നത്.

ഒരു മുറി അപ്പാര്‍ട്ട്‌മെന്റിലെ ജീവിതം
1956ല്‍ മുംബൈയിലാണ് ജനനം. മുംബൈ സബര്‍ബനിലെ ഒരു മുറി അപ്പാര്‍ട്ട്‌മെന്റിലായിരുന്നു ബാല്യം. കോളജില്‍ കൊമേഴ്‌സ് പഠനത്തിന് ചേര്‍ന്നെങ്കിലും ആദ്യ വര്‍ഷം തന്നെ പഠിത്തം അവസാനിപ്പിച്ചു. 1980കളില്‍ ഓഹരി വിപണിയിലെത്തി.
2002ലാണ് ഡി മാര്‍ട്ട് സ്റ്റോറുകള്‍ ആരംഭിച്ചത്. ആദ്യത്തെ ഒമ്പത് വര്‍ഷത്തില്‍ ഒമ്പത് സ്റ്റോറുകള്‍ മാത്രമാണ് ആരംഭിച്ചത്. എന്നാല്‍ 2016ല്‍ മാത്രം 21 സ്‌റ്റോറുകള്‍ തുടങ്ങി. 2017ലാണ് അവന്യൂ സൂപ്പര്‍ മാര്‍ക്കറ്റ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്.
അംബാനിയെ കണ്ടു പഠിച്ചില്ല!
ചെറിയ നിരക്കില്‍ അവശ്യവസ്തുക്കള്‍ എത്തിക്കുക എന്ന ലളിത തന്ത്രമായിരുന്നു ദമാനി സ്വീകരിച്ചത്. ലാഭം താരതമ്യേന കുറഞ്ഞെങ്കിലും ദമാനിക്ക് ഇഷ്ടം പോലെ ഉപഭോക്താക്കളെ കിട്ടി. പ്രാദേശിക വിപണി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതു കൊണ്ടു തന്നെ ഇരുപത് വര്‍ഷത്തോളമായിട്ടും 196 സ്‌റ്റോറുകളേ ഡി മാര്‍ട്ടിന് കീഴിലുണ്ടായുള്ളൂ. അംബാനിയെ പോലെയോ ബിയാനിയെ പോലെയോ ഇന്ത്യയിലുടനീളം ശൃംഖല വളര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചില്ല.
കോവിഡിനെ നേരിടാനായി നൂറു കോടി രൂപയാണ് അദ്ദേഹം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി രൂപയും സംഭാവന ചെയ്തിട്ടുണ്ട്.