കാവേരി: കര്‍ണാടകയില്‍ തിരിച്ചടി ഭയം; കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: കാവേരി ജല വിനിയോഗ ബോര്‍ഡ് രൂപീകരിക്കണമെന്ന ഉത്തരവ് പാലിക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ചൊവ്വാഴ്ചക്കകം വിശദാംശങ്ങള്‍ നല്‍കിയില്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി. കോടതി വിധി പ്രകാരമുള്ള വെള്ളം ഈ കാലയളവില്‍ കര്‍ണാടകം തമിഴ്‌നാട്ടിന് വിട്ടുകൊടുക്കണമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.

സുപ്രീംകോടതി വിധി പ്രകാരം കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതിനുള്ള കരട് പദ്ധതിരേഖ സമര്‍പ്പിക്കാന്‍ പത്ത് ദിവസത്തെ സാവകാശം കൂടി വേണമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ആവശ്യപ്പെട്ടു. കരട് പദ്ധതി രേഖക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം വാങ്ങണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു മന്ത്രിമാരും കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിലായതിനാലാണ് തീരുമാനം വൈകുന്നതെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്നും ഒരു ദിവസം പോലും അധികം നല്‍കാനാകില്ലെന്നായിരുന്നു കോടതിയുടെ മറുപടി. പദ്ധതി രേഖ തയ്യാറാക്കികഴിഞ്ഞു എന്ന് ഇതിന്മുമ്പ് കേസ് പരിഗണിച്ചപ്പോള്‍ പറഞ്ഞ സര്‍ക്കാര്‍ ഇപ്പോള്‍ അതില്‍ നിന്ന് പുറകോട്ടുപോകുന്നു. കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്ന തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് എന്ത് മറുപടി നല്‍കും. ചൊവ്വാഴ്ചക്കകം കാവേരി മാനേജുമെന്റ് ബോര്‍ഡ് രൂപീകരിക്കുന്ന കാര്യത്തിലെ വിശദാംശങ്ങള്‍ അറിയിക്കണം. അതല്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടിവരും. ഈ കാലയളവില്‍ നാല് ടിഎം.സി വെള്ളം തമിഴ്‌നാട്ടിന് കര്‍ണാടകം വിട്ടുകൊടുക്കുകയും വേണം. അതില്‍ വീഴ്ചവരുത്തിയാല്‍ സ്വമേധയാ കോടതി അലക്ഷ്യ നടപടി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഹര്‍ജിയില്‍ ഈ മാസം എട്ടിന് വീണ്ടും വാദം കേള്‍ക്കും. കാവേരി ബോര്‍ഡ് രൂപീകരിക്കാത്തതിന് കേന്ദ്ര സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്നാണ് കേന്ദ്ര സര്‍ക്കാര്‍ കാവേരി ബോര്‍ഡ് തീരുമാനം കേന്ദ്രം നീട്ടിക്കൊണ്ടുപോകുന്നത്.