‘മരിക്കുന്നതിനു മുമ്പ് മകനെയൊന്ന് കാണണം’; ഉള്ളുപൊള്ളുന്ന ഈ ചിത്രത്തിനു പിന്നിലെ കഥ


ഡല്‍ഹിയിലെ റോഡരികിലിരുന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ പൊട്ടിക്കരയുന്ന ഈ ചിത്രം എല്ലാവരും കണ്ടുകാണും. പിടിഐ ഫോട്ടോഗ്രാഫര്‍ അതുല്‍ യാദവ് എടുത്ത ഈ ചിത്രം രാജ്യത്തെ കുടിയേറ്റ തൊഴിലാളികളുടെ പ്രയാണത്തെയാകമാനം ഉള്‍ക്കൊള്ളുന്നതായിരുന്നു. ഉള്ളു പൊള്ളുന്ന ഒരു കഥയുണ്ട് ഈ ചിത്രത്തിനു പിന്നില്‍.

രാംപുകാര്‍ പണ്ഡിറ്റ് എന്നാണ് ആ മനുഷ്യന്റെ പേര്. നിസാമുദ്ദീന്‍ പാലത്തില്‍, ഫോണ്‍ ചെവിയില്‍ വച്ചു കൊണ്ട് പൊട്ടിക്കരയുന്ന പണ്ഡിറ്റിന്റെ ചിത്രം പകര്‍ത്തിയ ശേഷം അതുല്‍ യാദവ് അദ്ദേഹത്തോട് സംസാരിച്ചു. ‘എന്താണ് പ്രശ്‌നം’ എന്ന ചോദ്യത്തിന് ‘മകന് അസുഖമാണ്, മരണം സംഭവിച്ചേക്കാം. വീട്ടിലേക്കു പോകണം’ എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. എങ്ങോട്ടാണു പോകേണ്ടതെന്ന ചോദ്യത്തിന് കൈ ചൂണ്ടി ‘അവിടെ’ എന്ന് മറുപടി.

ബീഹാറിലേക്കായിരുന്നു അദ്ദേഹത്തിന്റെ യാത്ര. കൃത്യമായി പറഞ്ഞാല്‍ ബീഹാറിലെ ബെഗുസരായിയിലെ ബരിയാര്‍പുരിയിലേക്ക്. നജഫ്ഗറില്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന് വീടണയണമെങ്കില്‍ 1200 കിലോമീറ്റര്‍ യാത്ര ചെയ്യണം. മറ്റ് അതിഥി തൊഴിലാളികളെപ്പോലെ പണ്ഡിറ്റും കാല്‍നട യാത്ര തുടങ്ങി. എന്നാല്‍ നിസാമുദ്ദീന്‍ പാലത്തിനു സമീപത്ത് ഈ യാത്ര പൊലീസ് തടഞ്ഞു. തുടര്‍ന്ന് യാത്ര ചെയ്യാന്‍ പൊലീസ് അനുവാദം നല്‍കാതിരുന്നതോടെ കഴിഞ്ഞ മൂന്ന് ദിവസമായി അയാള്‍ അവിടെയാണ്. ആകെ തകര്‍ന്നു പോയ അദ്ദേഹത്തിനരികിലേക്കാണ് അതുല്‍ യാദവ് എത്തുന്നത്.

”ബിസ്‌കറ്റും വെള്ളവും നല്‍കി ഞാന്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു.”- അതുല്‍ യാദവ് പറയുന്നു. ”മകനെ കാണാന്‍ കഴിയാതെ തകര്‍ന്നിരിക്കുന്ന ഒരാളെ എങ്ങനെയാണ് ആശ്വസിപ്പിക്കുക? ഒടുവില്‍ അദ്ദേഹത്തെ അതിര്‍ത്തി കടത്തിവിടണമെന്ന് പൊലീസിനോറ്റ് അഭ്യര്‍ത്തിച്ചു. ആദ്യം വിസമ്മതിച്ചെങ്കിലും ഒരു മാധ്യമപ്രവര്‍ത്തകന്റെ അഭ്യര്‍ത്ഥന അവര്‍ മുഖവിലയ്‌ക്കെടുത്തു. അദ്ദേഹം വീട്ടിലെത്തുന്ന കാര്യം ഉറപ്പാക്കാമെന്നും പൊലീസുകാര്‍ അറിയിച്ചു.”- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതുല്‍ യാദവ് തിരികെ വീട്ടിലെത്തി. പണ്ഡിറ്റിന്റെ പേര് അപ്പോള്‍ അദ്ദേഹത്തിന് അറിയുമായിരുന്നില്ല. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പരോ വിലാസമോ ഒന്നും യാദവിനോട് ഉണ്ടായിരുന്നതുമില്ല. അതുകൊണ്ട് തന്നെ അദ്ദേഹം വീട്ടിലെത്തിയോ ഇല്ലയോ എന്ന വിവരങ്ങളൊന്നും അദ്ദേഹത്തിന് അറിയാനും സാധിച്ചില്ല. തുടര്‍ന്ന് പിടിഐ ചിത്രം പുറത്തുവിട്ടതോടെ അത് രാജ്യത്തെ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പിന്നീട് അദ്ദേഹത്തിന്റെ പേര് രാംപുകാര്‍ പണ്ഡിറ്റ് എന്നാണ് ചില മാധ്യമങ്ങള്‍ കണ്ടെത്തി. ”മറ്റൊന്നു കൂടി അപ്പോള്‍ ഞാനറിഞ്ഞു, അദ്ദേഹത്തിന്റെ മകന്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. അത് എന്റെ ഹൃദയം തകര്‍ത്തു കളഞ്ഞു.”- അതുല്‍ യാദവ് പറഞ്ഞുനിര്‍ത്തി.

SHARE