സല്യൂട്ട്; നിങ്ങളുടെ മാനുഷികതക്ക്


പി.വി ഹസീബ് റഹ്മാന്‍

കൊണ്ടോട്ടി: ദുരന്തം വീട്ടിനുമുന്നിലേക്ക് പറന്നിറങ്ങിയപ്പോള്‍ ജൂനൈദിന് അമ്പരപ്പായിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോള്‍ വിമാനത്തിന്റെ ചിറക് തൊട്ടടുത്ത്. ഒപ്പം കൂറ്റന്‍ ശബ്ദവും. എന്തോ പന്തിക്കേട് മണത്ത ജൂനൈദ് ഉടനെ വിളിച്ചത് തന്റെ സൗഹൃദക്കൂട്ടത്തെ. പിന്നെ അവരൊന്നിച്ചായിരുന്നു കരിപ്പൂരിന്റെ മണ്ണില്‍ മാനവസ്‌നേഹത്തിന്റെ വസന്തം തീര്‍ത്ത് രക്ഷകരായത്. സുഹൃത്തുക്കളായ ഹരീന്ദ്രന്‍ ചെറുവട്ടൂര്‍, കെ.വൈ. ഫസല്‍, യൂനുസ് പുതിയകത്ത്, ഫസല്‍ പുതിയകത്ത്, പി.പി.സാജിര്‍, പി.പി. നൗഷാദ്, പി.പി.ഹാരിസ് അടക്കം എല്ലാവരും ഇന്ന് ക്വാറന്‍ൈനിലാണ്. വിമാനത്താവളത്തിനടുത്താണ് ജൂനൈദിന്റെ വീട്.
കോവിഡ് ഭീതിയും കോരിച്ചൊരി്യൂഞ്ഞ മഴയും വകവെക്കാതെ കരിപ്പൂരിലെ വിമാനദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി മാതൃകയായവരെ ലോകം പുകഴ്ത്തുമ്പോഴും മലപ്പുറത്തിന്റെ മത സൗഹാര്‍ദ്ദത്തിന് അടയാളം കൂടി ആവുകയാണ് സംഭവ സ്ഥലത്ത് ആദ്യം എത്തിയ ഇവര്‍.
കോവിഡിന്റെ തടവറക്കിടെ തിമര്‍ത്ത് പെയ്ത മഴ ശബ്ദത്തിനിടയിലേക്ക് ഭീകര ശബ്ദത്തോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പതിച്ചത് ആദ്യം കണ്ടത് ജുനൈദ് മുക്കൂട്. താഴ്ചയിലേക്ക് വീണ് പിളര്‍ന്ന വിമാനത്തില്‍ നിന്ന് ഉയര്‍ന്ന കൂട്ട നിലവിളി ശബ്ദം ജുനൈദിന്റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് കുതിച്ച് വന്ന് റണ്‍വെ മതിലില്‍ ഇടിച്ച് പുറത്തേക്ക് തള്ളിയ വിമാനത്തിന്റെ മുന്‍ഭാഗത്ത് ക്യാബിനില്‍ ക്യാപ്റ്റന്‍ വസന്ത് ദീപക് സാഠേ മരണത്തിലേക്ക് യാത്ര പോവുന്ന കാഴ്ചയും ജുനൈദിന്റെ കണ്ണില്‍ നിന്ന് മായുന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നില്‍ക്കുമ്പോഴേക്കും ബാക്കി ഏഴു പേരും എത്തി കഴിഞിരുന്നു.സംഭവം ജുനൈദ് തന്നെ പറയുന്നു.
വീട്ടില്‍ ചായ കുടിച്ചിരിക്കുമ്പോഴാണ് ശബ്ദം കേട്ടത്. അടുക്കള വഴി നോക്കുമ്പോള്‍ വിമാനം വീണു കിടക്കുന്നു. വീട്ടുകാരോട് മാറിനില്‍ക്കാന്‍ അറിയിച്ച് സംഭവസ്ഥലത്ത് എത്തി. എമര്‍ജന്‍സി വാതിലനടുത്ത് നിന്ന് ഒരു സ്ത്രീ എന്റെ കുട്ടിയെന്ന് പറഞ് വിലപിക്കുന്നു. ഗേറ്റിന് കുറെ അടിച്ചു. അകത്തേക്ക് കടക്കാന്‍ അനുമതി ഇല്ല.
വിമാനം കത്തുമെന്ന് ഭയത്തില്‍ ബെല്‍റ്റ് റോഡിന്റെ രണ്ട് ഭാഗത്തേക്കും ഓടി വരുന്ന വാഹനങ്ങളുടെ എഞ്ചിന്‍ എല്ലാം ഓഫ് ആക്കാന്‍ അറിയിച്ചു. അഞ്ച് മിനുട്ടിനകം ബാക്കിയുള്ളവരും എത്തി.വിമാനം തുളച്ച മതിലിനുള്ളിലൂടെ ഞങ്ങള്‍ അകത്ത് കയറി. അപ്പോഴേക്കും അഗ്‌നിശമന സേനാ വാഹനങ്ങളും എയര്‍പ്പോര്‍ട്ട് ആംമ്പുലന്‍സും റണ്‍വെയിലൂടെ ചീറി പാഞ്ഞു വന്നു.വിമാനത്തിനകത്ത് കയറുവാന്‍ ശ്രമിക്കുന്നതിനിടെ നിലത്ത് ചിതറിയ വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞിന്റെ നിലവിളി കേട്ടു. കുട്ടിയെ മറ്റു അഞ്ചു പേരെയുമായി
എയര്‍പ്പോര്‍ട്ട് ആംബുലന്‍സില്‍ തന്നെ റണ്‍വേയിലൂടെ പുറത്ത് കടന്ന് കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലേക്ക് പുറപ്പെട്ടു. കൊണ്ടോട്ടി നഗരസഭ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സി.മുഹമ്മദ് റാഫിയെ വിളിച്ച് സംഭവം അറിയിച്ചു ആശുപത്രിയില്‍ എത്താന്‍ അറിയിച്ചു.ആറു പേരേ എത്തിച്ചതിന് പിന്നാലെ തന്നെ കൂടെയുള്ളവര്‍ 34 പേരേയുമായി എത്തിയിരുന്നു.
പുലര്‍ച്ചെ 4 മണിയോടെയാണ് ആശുപത്രിയില്‍ നിന്ന് മടങ്ങിയത്. ഒമ്പത് വര്‍ഷത്തോളം ജിദ്ദയില്‍ ആയിരുന്ന ജുനൈദ് വീടിനടുത്ത് പ്രവാസി സ്‌റ്റോര്‍ എന്ന പേരില്‍ ചെറിയ കട നടത്തി വരികയാണ്. ഫസല്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ കാര്‍ഗോ തൊഴിലാളിയാണ്. ഹരീന്ദ്രനും, ഫാരിസും, സാജിറും മാര്‍ബിള്‍ കരാറുകാരും യൂനുസ് ബേക്കറി തൊഴിലാളിയുമാണ്. പ്രവാസിയായ നൗഷാദ് കഴിഞ ഡിസംബറിലാണ് നാട്ടിലെത്തിയത്.
കോവിഡ് കാരണം മടക്കയാത്രക്ക് കഴിഞ്ഞില്ല.കോഴി വണ്ടിയില്‍ ഡ്രൈവറായ കെ.വൈ.ഫസലിന്റെ വീട്ടിലാണ് ഇവര്‍ ക്വാറന്റെയിനിലുള്ളത്. എമര്‍ജന്‍സി വാതിലടക്കം വെട്ടി പൊളിച്ചും, സീറ്റ് ബെല്‍റ്റ് അറത്തുമൊക്കെ സ്വന്തം ജീവന്‍ വക വെക്കാതെ അപകടത്തില്‍പെട്ടവരെ കോരിയെടുത്ത് ആശുപത്രിയില്‍ എത്തിച്ച് കഴിഞിരുന്നു. മലപ്പുറം കണ്‍ട്രോള്‍ റൂമില്‍ നിന്നെത്തിയ പോലീസ് പ്രതിനിധി ഇന്നലെ വൈകിട്ട് ക്വാറന്റയിന്‍ കേന്ദ്രത്തില്‍ എത്തി ഇവര്‍ക്ക് സേവനത്തിനുള്ള സല്യൂട്ട് അര്‍പ്പിച്ചു.

SHARE