ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം വിവാദങ്ങള്‍ക്ക് കാരണമായ ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ സ്വര്‍ണനിക്ഷേപ വാര്‍ത്തയില്‍ കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍.
എന്തുകൊണ്ടാണ് നമ്മുടെ സര്‍ക്കാര്‍ ടണ്‍മന്‍ധന്‍ എന്നിവയോട് ഇത്രമേല്‍ ആഭിമുഖ്യം പുലര്‍ത്തുന്നത്? ആദ്യം അഞ്ചു മില്യണ്‍ ടണ്‍ സമ്പദ്‌വ്യവസ്ഥയെന്ന ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശമായിരുന്നു. പിന്നെ ഉത്തര്‍ പ്രദേശില്‍നിന്ന് 3350 ടണ്‍ സ്വര്‍ണശേഖരം കണ്ടെത്തിയെന്നും. അതാകട്ടെ 160 കിലോയായി ചുരുങ്ങുകയും ചെയതു. ഈ ടണ്‍ടണാടണ്‍ വര്‍ത്തമാനം സര്‍ക്കാര്‍ കുറച്ച് കുറയ്‌ക്കേണ്ട സമയമായിരിക്കുന്നു ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
സോന്‍ഭദ്ര ജില്ലയില്‍ മൂവായിരം ടണ്‍ സ്വര്‍ണ്ണം കണ്ടെത്തിയെന്ന യു.പി. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്റെ പേരില്‍ പുറത്തുവന്ന വാര്‍ത്ത വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍, അത് വെറും അവകാശവാദം മാത്രമാണെന്നും അത്രയും വലിയ അളവില്‍ സോന്‍ഭദ്രയില്‍ സ്വര്‍ണനിക്ഷേപമില്ലെന്നും വ്യക്തമാക്കി, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എം.ഡി ത്‌ന്നെ രംഗത്തെത്തുകയായി. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് തരൂരിന്റെ പരിഹാസം.
ജില്ലയിലെ സോണ്‍ പഹാദി, ഹാര്‍ഡി പ്രദേശങ്ങളില്‍ സ്വര്‍ണ്ണ നിക്ഷേപം കണ്ടെത്തിയതായി സോണ്‍ഭദ്ര ജില്ലാ ഖനന ഓഫീസര്‍ കെ.കെ റായ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. ഇതില്‍ സോണ്‍ പഹാദിയിലെ നിക്ഷേപം 2,943.26 ടണ്ണായി കണക്കാക്കപ്പെടുന്നു, ഹാര്‍ഡി ബ്ലോക്കില്‍ അത് 646.16 കിലോഗ്രാം വരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇതിനുപിന്നാലെ ശനിയാഴ്ച വൈകുന്നേരം തിരുത്തുമായി ജിഎസ്‌ഐ ഡയറക്ടര്‍ ജനറല്‍ എം ശ്രീധര്‍ കൊല്‍ക്കത്തയില്‍ പത്രക്കാരെ കാണുകയായിരുന്നു. പ്രദേശത്തുനിന്നും ആകെ 52,806.25 ടണ്‍ സ്വര്‍ണ അയിരാണ് കണ്ടെത്തിയതെന്നും ഇതില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുത്താല്‍ മൊത്തം 160 കിലോഗ്രാമാണാണ് കിട്ടുകയെന്നും 3,350 ടണ്‍ വാര്‍ത്ത ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി..
നേരത്തെ ഒരു ദേശീയമാധ്യമം സംഘടിപ്പിച്ച പരിപാടിയില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ അഞ്ചു മില്യണ്‍ ടണ്ണിലെത്തുമെന്ന് പൂര്‍ണവിശ്വാസമുണ്ടെന്ന് അമിത് ഷാ പറഞ്ഞിരുന്നു. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഡോളറിന്റെ കണക്കിലാണ് പറയുക. എന്നാല്‍ മന്ത്രിക്ക് നാവുപിഴ സംഭവിക്കുകയും ഡോളറിനു പകരം ടണ്‍ എന്ന് ഉപയോഗിക്കുകയുമായിരുന്നു.