കോലിയെ പിന്നിലാക്കി ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് സ്മിത്ത്

ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്‌സ്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയില്‍ പിന്നിലാക്കി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ജമൈക്കയില്‍ ആദ്യ പന്തില്‍ പുറത്തായതോടെയാണ് കോലി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. സ്മിത്തിന് കോലിയെക്കാള്‍ ഒരു പോയിന്റാണ് അധികമുള്ളത്. ആഷസ് നാലാം ടെസ്റ്റില്‍ മികവ് കാട്ടിയാല്‍ സ്മിത്തിന് ലീഡുയര്‍ത്താം. കിവീസ് നായകന്‍ കെയ്ന്‍ വില്യംസനാണ് റാങ്കിംഗില്‍ മൂന്നാമത്.

പന്ത് ചുരണ്ടല്‍ വിവാദത്തിലെ വിലക്കിനെ തുടര്‍ന്ന് റാങ്കിംഗില്‍ സ്മിത്ത് താഴേക്ക് പോയിരുന്നു. അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയുമാണ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ആദ്യ പത്തില്‍ തിരിച്ചെത്തിയ രഹാനെ നാല് സ്ഥാനങ്ങള്‍ മുന്നോട്ട് കയറി ഏഴാമതെത്തിയപ്പോള്‍ ഹനുമ വിഹാരി 40 സ്ഥാനങ്ങളുയര്‍ന്ന് 30ാം സ്ഥാനത്തെത്തി.

വിന്‍ഡീസിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ജസ്പ്രീത് ബുമ്ര ബൗളര്‍മാരുടെ റാങ്കിംഗില്‍ കുതിച്ചുചാട്ടമുണ്ടാക്കി. ബുമ്ര കരിയറിലെ മികച്ച പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. ഓസീസിന്റെ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയും മാത്രമാണ് ബുമ്രക്ക് മുന്നിലുള്ളത്. വിന്‍ഡീസ് നായകന്‍ ജാസന്‍ ഹോള്‍ഡര്‍ ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.