സ്മിത്തിന് പരിക്കേറ്റ സംഭവം; ഹെല്‍മെറ്റില്‍ നെക്ക് ഗാര്‍ഡ് നിര്‍ബന്ധമാക്കുന്നു

ഓസീസ് സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന് തലയ്ക്കു ഇംഗ്ലണ്ട് പേസ് ബോളര്‍ ജോഫ്ര ആര്‍ച്ചറുടെ പന്ത് കൊണ്ടതിന് പിന്നാലെ കഴുത്തിനും സുരക്ഷ നല്‍കുന്ന തരത്തിലുള്ള ഹെല്‍മെറ്റുകള്‍ ഓസ്‌ട്രേലിയന്‍ കളിക്കാര്‍ക്കു നിര്‍ബന്ധമാക്കിയേക്കുമെന്നു ഓസീസ് ദേശീയ ടീം മെഡിക്കല്‍ ബോര്‍ഡ് സൂചന നല്‍കി. 2014ല്‍, ഓസ്‌ട്രേലിയയിലെ ആഭ്യന്തര മത്സരത്തിനിടെ ബൗണ്‍സര്‍ തലയിലിടിച്ച് ഫില്‍ ഹ്യൂസ് മരിച്ചതോടെ ഓസ്‌ട്രേലിയ സുരക്ഷാക്രമീകരണങ്ങള്‍ കര്‍ശനമാക്കിയിരുന്നു.

കഴുത്തിന് സുരക്ഷ നല്‍കുന്ന നെക്ക് ഗാര്‍ഡുകളോടുകൂടിയ ഹെല്‍മെറ്റുകള്‍ ഉപയോഗിക്കാനും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതിന്റെ ഉപയോഗം നിര്‍ബന്ധമാക്കാത്ത സാഹചര്യത്തില്‍, പതിവു ഹെല്‍മെറ്റാണ് ആഷസ് പരമ്പരയില്‍ സ്മിത്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഉപയോഗിച്ചിരുന്നത്.