‘ജീവിതാവസാനം വരെ വേട്ടയാടുമെന്നറിയാം, കാലം മാപ്പുതരും’; മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് സ്മിത്ത്

സിഡ്‌നി: പന്ത് ചുരണ്ടല്‍ സംഭവത്തില്‍ പൊട്ടിക്കരഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റീവ് സ്മിത്ത്. സംഭവിച്ചതിന്റെയെല്ലാം ഉത്തരവാദിത്തം തനിക്കാണെന്നും എല്ലാറ്റിനും മാപ്പ് പറയുന്നുവെന്നും സ്മിത്ത് പറഞ്ഞു. നാട്ടില്‍ തിരിച്ചെത്തിയശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്മിത്തിന്റെ വൈകാരിക രംഗങ്ങള്‍.

ഈ സംഭവം പൂര്‍ണ്ണമായും തന്നെ തകര്‍ത്തുകളഞ്ഞു. എന്റെ എല്ലാ ടീമംഗങ്ങളോടും ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകരോടും ഞങ്ങളുടെ പ്രവൃത്തിമൂലം നിരാശരായിരിക്കുന്ന എല്ലാ ഓസ്‌ട്രേലിയക്കാരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് സ്മിത്ത് പറഞ്ഞു. ‘ഈ സംഭവത്തില്‍ ആരേയും കുറ്റപ്പെടുത്താനില്ല. ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ഞാന്‍. എല്ലാം എന്റെ കണ്‍മുന്നിലാണ് നടന്നത്. ശനിയാഴ്ച്ച സംഭവിച്ച എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്തം ഞാനേല്‍ക്കുന്നു. ടീമിനെ നയിക്കുന്നതില്‍ എനിക്ക് വീഴ്ച്ച പറ്റി. ഈ തെറ്റുമൂലം സംഭവിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും. ഇനിയുള്ള ജീവിതം മുഴുവന്‍ ഈ തെറ്റിനെച്ചൊല്ലി പശ്ചാത്തപിക്കും’. എല്ലാ വീഴ്ച്ചകള്‍ക്കും കാലം മാപ്പുനല്‍കുമെന്നാണ് പ്രതീക്ഷയെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

തനിക്ക് ലഭിച്ച വിലക്ക് യുവതാരങ്ങള്‍ക്ക് ഒരു പാഠമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഷ്ടമായ വിശ്വാസവും ബഹുമാനവും കാലം തിരിച്ചുനല്‍കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ലോകത്തെ മികച്ച കായിക ഇനമാണ് ക്രിക്കറ്റ്. അതായിരുന്നു എന്റെ ജീവിതം. ഇനിയും അത് തന്നെയായിരിക്കും എന്റെ ജീവിതമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ശരിക്കും ഇതെന്നെ വേദനിപ്പിക്കുന്നു. എന്നോട് ക്ഷമിക്കണം. രാജ്യത്തെ പ്രതിനിധീകരിക്കാന്‍ കഴിയുന്നതും ഓസ്‌ട്രേലിയന്‍ ടീമിന്റെ ക്യാപ്റ്റനാകുന്നതും ബഹുമതിയായാണ് കാണുന്നതെന്നും സ്മിത്ത് കൂട്ടിച്ചേര്‍ത്തു.

SHARE