ഭര്‍ത്താവിന് സ്‌നേഹം മകളോട് മാത്രം; നാല് വയസ്സുകാരിയെ രണ്ടാനമ്മ പേന കൊണ്ട് കുത്തിക്കൊന്നു

ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയിലെ സൗത്ത് സുലാവെസിയില്‍ നാല് വയസ്സുകാരിയെ രണ്ടാനമ്മ പേന കൊണ്ട് കുത്തിക്കൊന്നു. സംഭവത്തില്‍ കുട്ടിയുടെ രണ്ടാനമ്മയായ സാനിമ(27)യെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന്റെ മുന്‍ഭാര്യയിലുള്ള മകളെയാണ് സാനിമ പേന കൊണ്ട് കുത്തിക്കൊന്നത്. മറ്റ് രണ്ട് കുട്ടികളെക്കാള്‍ ഭര്‍ത്താവ് നാല് വയസ്സുകാരിയായ മുഷിയാരയെ സ്‌നേഹിക്കുന്നതായിരുന്നു കൊലപാതകത്തിന് കാരണം.

സാനിമയുടെ ആദ്യ ബന്ധത്തിലുള്ള കുട്ടിയും നിലവിലെ ഭര്‍ത്താവിലുണ്ടായ മറ്റൊരു കുട്ടിയും ഇവരോടൊപ്പം തന്നെയായിരുന്നു താമസം. എന്നാല്‍ നാല് വയസ്സുകാരിയായ മുഷിയാരയോടായിരുന്നു ഭര്‍ത്താവിന് ഏറെ സ്‌നേഹം. ഇതിനെത്തുടര്‍ന്നുണ്ടായ പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. നേരത്തെ ഇക്കാര്യത്തില്‍ യുവതി ഭര്‍ത്താവിനോട് പരാതി പറഞ്ഞെങ്കിലും തന്റെ കുഞ്ഞിനെയും കൂട്ടി ആദ്യ ഭര്‍ത്താവിന്റെ കൂടെ ജീവിക്കൂ എന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

കുട്ടിയുടെ നെഞ്ചില്‍ തുടര്‍ച്ചയായി പേന കൊണ്ട് കുത്തി കൊലപ്പെടുത്തിയെന്നാണ് പോലീസ് പറഞ്ഞത്. സംഭവത്തിന് ശേഷം കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ യുവതി ശ്രമിച്ചിരുന്നു. പക്ഷേ, നെഞ്ചില്‍ ഗുരുതരമായി പരിക്കേറ്റതിനാല്‍ ഉടന്‍തന്നെ മരണംസംഭവിക്കുകഗയായിരുന്നു.

SHARE