മദ്യം വൈകാതെ വീട്ടിലെത്തുമോ? പരിഗണിക്കണമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ മദ്യം വീട്ടിലെത്തിക്കുന്ന കാര്യം സംസ്ഥാന സര്‍ക്കാറുകള്‍ക്ക് പരിഗണിച്ചു കൂടേയെന്ന് സുപ്രിംകോടതി. മദ്യശാലകള്‍ക്ക് മുമ്പിലെ തിരക്കു കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, സഞ്ജയ് കിഷന്‍ കൗള്‍, ബി.ആര്‍ ഗവായ് എന്നിവര്‍ അടങ്ങുന്ന ബഞ്ചിന്റെ നിര്‍ദ്ദേശം.

കോവിഡിനിടെയുള്ള മദ്യവില്‍പ്പന സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

‘ഇക്കാര്യത്തില്‍ ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിക്കാന്‍ കോടതിക്കാകില്ല. സാമൂഹിക അകല മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി മദ്യത്തിന്റെ ഹോം ഡെലിവറിയോ നേരിട്ടല്ലാത്ത വില്‍പ്പനയോ പരിഗണിക്കാവുന്നതാണ്’- കോടതി പറഞ്ഞു.

നേരത്തെ, മദ്യത്തിന്റെ ഡോര്‍ ഡെലിവറിയെ കുറിച്ച് ഭക്ഷണ ആപ്ലിക്കേഷനായ സൊമാറ്റോ ആലോചിക്കുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ഇന്ത്യന്‍ നിയമപ്രകാരം മദ്യം ഹോം ഡെലിവറി ചെയ്യാനാകില്ല. എന്നാല്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്ന് സ്പിരിറ്റ്‌സ് ആന്‍ഡ് വൈന്‍സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഏറെക്കാലമായി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.