ഭര്‍ത്താവ് മദ്യം നല്‍കി, സുഹൃത്തുക്കള്‍ പീഡിപ്പിച്ചു; കൂടുതലൊന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്ന് യുവതി

തിരുവനന്തപുരം; തിരുവനന്തപുരത്ത് ഭര്‍ത്താവ് മദ്യം നല്‍കി പീഡിപ്പിച്ച യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ്ജ് ചെയ്ത വീട്ടമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചു. വിശദമായി മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുക.

വ്യാഴാഴ്ച്ചയാണ് ഭര്‍ത്താവ് മദ്യം നല്‍കി സുഹൃത്തുക്കള്‍ യുവതിയെ പീഡിപ്പിച്ചത്. കേസില്‍ യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയിലാണ്. ഭര്‍ത്താവടക്കം ആറു പേരാണു കസ്റ്റഡയിലുള്ളതെന്നാണു സൂചന. അതേസമയം, യുവതിക്കു വൈദ്യപരിശോധന നടത്തും. പ്രതികള്‍ മദ്യം നല്‍കി അവശയാക്കിയെന്നും കൂടുതലൊന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നുമാണ് യുവതി പറയുന്നത്.

വഴിയരികില്‍ കിടക്കുന്നതു കണ്ട യുവതിയെ യുവാക്കളാണു വീട്ടിലെത്തിച്ചത്. അബോധാവസ്ഥയിലായ ഇവരെ പിന്നീട് ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബലമായി മദ്യം നല്‍കിയ ശേഷം കടലോരത്തെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചത്. ദേഹത്ത് മുറിവുകളും പാടുകളുമുണ്ട്. പ്രതികളുടെ അറസ്റ്റ് ഉച്ചയോടെയുണ്ടാകുമെന്നാണ് സൂചന. പോത്തന്‍കോടുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും വൈകിട്ടോടെ യുവതിയെ പുതുക്കുറിച്ചി കടപ്പുറത്ത് എത്തിക്കുകയായിരുന്നു. ഭര്‍ത്താവാണ് തനിക്ക് മദ്യം നല്‍കിയതെന്നാണ് വീട്ടമ്മ പറയുന്നത്. ഇതിനു ശേഷം ഭര്‍ത്താവും സുഹൃത്തുക്കളുമായി വാക്കുതര്‍ക്കം ഉണ്ടായെന്നും പിന്നീട് ഭര്‍ത്താവ് വീട്ടില്‍ നിന്നും ഇറങ്ങിപ്പോയെന്നുമാണ് വിവരം. തുടര്‍ന്നായിരുന്നു ബലാത്സംഗം നടന്നതെന്നുമാണു പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

SHARE