വനിതാ കമ്മീഷന്റെ പരിപാടിക്ക് ആളില്ല; സംഘാടകരോട് പൊട്ടിത്തെറിച്ച് എം.സി ജോസഫൈന്‍

കോഴിക്കോട്: അഞ്ഞൂറ് പേര്‍ക്ക് ഭക്ഷണം ഒരുക്കിയിട്ടും എത്തിയത് അമ്പതില്‍ താഴെ വനിതകള്‍. ഒഴിഞ്ഞുകിടക്കുന്ന കസേരകള്‍ കണ്ട് പൊട്ടിത്തെറിച്ച് വനിതാ കമ്മിഷന്‍ അധ്യക്ഷ ജോസഫൈന്‍. കുടുംബശ്രീ ആഭിമുഖ്യത്തില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച ഏകദിന സെമിനാറാണ് ധൂര്‍ത്തിന്റെയും കഴിവുകേടിന്റെയും വേദിയായത്. സദസ്സില്‍ ചില മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ ‘ഇവരെ വിളിക്കുന്ന സമയം നിങ്ങള്‍ക്ക് പത്താളുകളെ കേള്‍ക്കാന്‍ എത്തിച്ചുകൂടേ’ എന്ന് അലറി വിളിച്ച് രോഷം തീര്‍ത്ത വനിതാ കമ്മീഷന്‍ അധ്യക്ഷ പൊതു ചടങ്ങാണെന്ന ധാരണപോലും ഇല്ലാതെയാണ് പൊട്ടിത്തെറിച്ചത്. കോര്‍പ്പറേഷന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ എത്തിച്ചേര്‍ന്നത് അമ്പതോളം സ്ത്രീകള്‍ മാത്രമാണ്.
വിശാലമായ ഹാള്‍ ഒഴിഞ്ഞുകിടക്കുന്നത് കണ്ടപ്പോള്‍ ‘തന്നെ അപമാനിച്ചു’ എന്ന വിധത്തില്‍ എം.സി ജോസഫൈന്‍ സംഘാടകരോട് പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന്, പ്രസംഗത്തില്‍ അവര്‍ പുരുഷന്മാര്‍ക്കെതിരെ കത്തിക്കയറിയപ്പോള്‍ വേദിയിലിരുന്ന കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ ഉള്‍പ്പെടെ പുരുഷ പ്രതിനിധികളും ഇറങ്ങിപ്പോയി.

SHARE