കൊച്ചി: കോവിഡിനെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാനത്തെ പ്രധാന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കും. തിരുവനന്തപുരം, എറണാകുളം ജങ്ഷന്‍, കൗണ്ടറുകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തിക്കുക. മറ്റിടങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കും.
നിലവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ 230 പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ ട്രെയിനുകളില്‍ നാലിലൊന്ന് മാത്രമേ 100% യാത്രാ നിരക്ക് ഉള്ളൂ. എന്നാല്‍ നിലവിലെ ഈ നഷ്ടം ചരക്കു ഗതാഗതത്തില്‍ നിന്നുള്ള വരുമാനം കൊണ്ടു നികത്താന്‍ ശ്രമിക്കുകയാണു റെയില്‍വേ. ചരക്കു നീക്കം കഴിഞ്ഞ വര്‍ഷത്തേതിനു ഏകദേശം തുല്യമായി നടക്കുന്നുണ്ട്.
കോവിഡ് കേസുകളുടെ ദ്രുതഗതിയിലുള്ള വര്‍ധനയും രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണും കൂടുതല്‍ ട്രെയിനുകളുടെ സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ റെയില്‍വേയെ നിര്‍ബന്ധിതരാക്കി.