സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയം; ബി.ജെ.പിയില്‍ അതൃപ്തി

ഡല്‍ഹിയിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ബി.ജെ.പിയില്‍ അതൃപ്തി. സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പുതിയ തന്ത്രങ്ങളും സമീപനവും സ്വീകരിക്കണമെന്ന വികാരമാണ് നേതൃത്വത്തിനെതിരെ ഉയര്‍ന്നു വന്നിരിക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഡല്‍ഹിയില്‍ നേടിയത് 56 ശതമാനം വോട്ടാണ്. എന്നാല്‍ എട്ടു മാസത്തിനിടെ പതിനെട്ട് ശതമാനം വോട്ട് നഷ്ടമായതെങ്ങനെയാണെന്നുളളതാണ് ബി.ജെ.പിക്ക് തലവേദനയാവുന്നത്. സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി തോല്‍ക്കുന്നതില്‍ പരിശോധന വേണം എന്ന വികാരം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.

ദേശീയ തെരഞ്ഞെടുപ്പിന് സമാനമായ പ്രചാരണം കൊണ്ട് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കാര്യമില്ലെന്നാണ് പല മുതിര്‍ന്ന നേതാക്കളുടെയും നിലപാട്.മോദിയേയും അമിത് ഷായേയും മാത്രം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പുകള്‍ നേരിടുന്നതില്‍ കാര്യമില്ലെന്ന് അണികളില്‍ നിന്ന് അഭിപ്രായമുയര്‍ന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഡല്‍ഹിയിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ മനോജ് തിവാരിയുടെ രാജിവെച്ചെങ്കിലും നേതൃത്വം രാജി സ്വീകരിച്ചിട്ടില്ല. ബീഹാറില്‍ നിതീഷ് കുമാര്‍ എന്‍.ഡി.എ സഖ്യത്തില്‍ നിന്ന് പുറത്തേക്ക് വരുമെന്ന റിപ്പോര്‍ട്ടുകള്‍ ബി.ജെ.പിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

SHARE