ബിഹാറിന് പിന്നാലെ എന്‍.ആര്‍.സിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി തമിഴ്‌നാടും

ചെന്നൈ: ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍സിആര്‍), ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍പിആര്‍) എന്നിവക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കാനൊരുങ്ങി എന്‍ഡിഎ സംഖ്യകക്ഷിയായ തമിഴ്‌നാട് സര്‍ക്കാറും. എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവക്കെതിരേ എന്‍.ഡി.എ സഖ്യകക്ഷിയിലുള്ള നിതീഷ് കുമാര്‍ ബിഹാറില്‍ പ്രമേയം പാസാക്കിയതോടെ തമിഴ്‌നാട്ടില്‍ പളനി സ്വാമി നയിക്കുന്ന എ.ഐ.ഡി.എം.കെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായിരുന്നു.

പ്രമേയം സംസ്ഥാന നിയമസഭയുടെ പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി മാധ്യമങ്ങളോട് വ്യക്തമാക്കി. എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവക്കെതിരേ ബിഹാര്‍ അസംബ്ലി പാസാക്കിയ പോലെ തമിഴ്‌നാട് നിയമസഭയും പ്രമേയം പാസാക്കുമോയെന്ന ചോദ്യത്തിന് മറുപടിയായിരുന്നു പളനി സ്വാമി.

എന്‍.ആര്‍.സി നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ബിഹാര്‍ നിയമസഭ ചൊവ്വാഴ്ച ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയിരുന്നു. സിഎഎ ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണച്ചതിന് ശേഷം പൗരത്വ നിയമത്തിന് എതിരെ ആദ്യമായി പ്രതികരിച്ച എന്‍ഡിഎ ഘടകകക്ഷി ജെഡിയു ആയിരുന്നു. എന്‍ആര്‍സി നടപ്പിലാക്കില്ലെന്ന് ബീഹാര്‍ നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലും നിതീഷ് കുമാര്‍ വ്യക്തമാക്കുകയുണ്ടായി. കോണ്‍ഗ്രസും ആര്‍ജെഡിയും സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധം സഭയില്‍ ഉയര്‍ത്തിയതോടെയാണ് നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കിയത്. ബീഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ജെഡിയു നിലപാട് ബിജെപിക്ക് നിര്‍ണായകമാണ്.

അതേസമയം, പൗരത്വനിയമഭേദഗതിക്കുനേരെ ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ സംയുക്ത പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്‌.

രാജ്യത്തെ രക്ഷിക്കാനും ജനങ്ങളുടെ ഐക്യം വീണ്ടെടുക്കാനുമാണ് പൗരത്വ നിയമഭേഗതിക്കുനേരെ പോരാട്ടം നടത്തുന്നതെന്ന് പ്രതിപക്ഷപാര്‍ട്ടികളും വിവിധ സംഘടനകളും ചേര്‍ന്ന് സംഘടിപ്പിച്ച ഐക്യപ്രതിഷേധ സമ്മേളനത്തില്‍ ഡി.എം.കെ. അധ്യക്ഷന്‍ എം.കെ. സ്റ്റാലിന്‍ വ്യക്തമാക്കി. പൗരത്വത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കേണ്ട കാര്യമില്ല. രാഷ്ട്രീയപോരാട്ടങ്ങള്‍ക്ക് ഒട്ടേറെ വിഷയങ്ങളുണ്ട്. എന്നാല്‍, ഇപ്പോള്‍ നടത്തുന്ന സമരത്തിന് രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കുന്നില്ലെന്നും രാജ്യത്തിന്റെ നിലനില്‍പ്പാണ് പ്രശ്‌നമെന്നും സ്റ്റാലിന്‍ പറഞ്ഞു.

പൗരത്വഭേദഗതി തമിഴ്‌നാട്ടിലെ ജനങ്ങളെ ബാധിക്കില്ലെന്ന് പറഞ്ഞിരുന്ന മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നിലപാട് മാറ്റിയിരിക്കുകയാണ്. സി.എ.എ. പിന്തുണച്ചതിന് പളനിസ്വാമി ജനങ്ങളോട് മാപ്പുപറയണം. എന്നാല്‍, അങ്ങനെ ചെയ്യാന്‍ പളനിസ്വാമിക്ക് ഭയമാണ്. ബി.ജെ.പി.യെ പിണക്കിയാല്‍ ജയിലില്‍ പോകേണ്ടിവരും. അതിനാല്‍ സ്വന്തം താത്പര്യത്തിനുവേണ്ടി സംസ്ഥാനത്തെ ജനങ്ങളെ ബലിയാടാക്കുകയാണെന്നും ആരോപിച്ചു.

രണ്ടുകോടി യുവജനങ്ങള്‍ക്ക് തൊഴില്‍, കര്‍ഷകര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലെത്തിയ ബി.ജെ.പി. ജനങ്ങള്‍ക്കുവേണ്ടി ഒന്നും നടപ്പാക്കുന്നില്ല. അനവസരത്തില്‍ നിയമം പാസാക്കിയതുകൊണ്ട് രാജ്യത്തെ ജനങ്ങള്‍ക്ക് ഒരു നന്മയുമുണ്ടാകില്ല. ഹിന്ദുത്വത്തെ എതിര്‍ക്കുന്നുവെങ്കിലും ആരും ഹിന്ദുക്കളെ എതിര്‍ക്കുന്നില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഡി.എം.കെ.യെ കൂടാതെ ഇടതുപക്ഷം, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് അടക്കമുള്ള പാര്‍ട്ടികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ സാമൂഹിക, സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തകരും പങ്കെടുത്തു.