വിശപ്പ് സഹിക്കാന്‍ സാധിച്ചില്ല, മണ്ണുവാരിത്തിന് വിശപ്പടക്കി മകന്‍; മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറി അമ്മ

തിരുവനന്തപുരം: വിശപ്പ് സഹിക്കാന്‍ സാധിക്കാതെ അവസാനം മണ്ണുവാരിത്തിന്ന് വിശപ്പടക്കി പിഞ്ചുബാലന്‍. സംഭവം നോര്‍ത്ത് ഇന്ത്യയിലല്ല, കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ്. മക്കളുടെയും തന്റെയും പട്ടിണി മാറ്റാന്‍ കഴിയാത്ത അവസ്ഥയില്‍ സ്വന്തം കുഞ്ഞുങ്ങളെ ശിശുക്ഷേമസമിതിക്ക് കൈമാറിയിരിക്കുകയാണ് അമ്മ. സെക്രട്ടേറിയേറ്റിന് സമീപമാണ് മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ആറുമക്കളില്‍ നാലുപേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു.മൂന്നുമാസം പ്രായമുള്ളതും ഒന്നര വയസു പ്രായമുള്ളതുമായ രണ്ട് കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയിട്ടില്ല. ഇവരെയും നോക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടെങ്കില്‍ ഈ കുട്ടികളേക്കൂടി ശിശുക്ഷേമ സമിതി ഏറ്റെടുക്കും.നാലുകുട്ടികള്‍ക്കും 18 വയസ് പ്രായമാകുന്നതുവരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാകും ഉണ്ടാകുക.

വിശപ്പ് സഹിക്കാന്‍ കഴിയാതെ ഇവരുടെ ഒരു കുട്ടി മണ്ണ് തിന്ന് വിശപ്പടക്കിയതായി ശിശുക്ഷേമ സമിതിക്ക് നല്‍കിയ അപേക്ഷയില്‍ അമ്മ പറയുന്നു. ഭര്‍ത്താവ് കൂലിപ്പണിയെടുത്ത് ലഭിക്കുന്ന വരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. എന്നാല്‍ ഇയാള്‍ മദ്യപിച്ച് വന്ന് കൂട്ടികളെ മര്‍ദ്ദിക്കാറുമുണ്ടെന്ന് പരാതിയിലുണ്ട്.തൈക്കാട് അമ്മത്തൊട്ടിലിലേക്കാണ് ഏറ്റെടുത്ത കുട്ടികളെ ഇപ്പോള്‍ കൊണ്ടുപോയിരിക്കുന്നത്. ഇവര്‍ക്ക് വിദ്യാഭ്യാസത്തിനടക്കമുള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കും. മാതാപിതാക്കള്‍ക്ക് ഇവരെ ഇവിടെയത്തി കാണാനും സൗകര്യം ഒരുക്കും.

SHARE