മാറ്റിവച്ച പരീക്ഷകള്‍ എഴുതാന്‍ വിദ്യാര്‍ഥികള്‍ രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷം ചൊവ്വാഴ്ച സ്കൂളിലെത്തും. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷ രാവിലെയും എസ് എസ് എല്‍ സി പരീക്ഷ ഉച്ചക്ക് ശേഷവും നടക്കും. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും അണുനശീകരണം നടത്തി.ആശാവര്‍ക്കര്‍മാരുടെയും, കുടുംബശ്രീ പ്രവര്‍ത്തകരുടെയും പ്രാദേശിക സമിതികളുടെയും സഹായത്തോടെ വിദ്യാര്‍ഥികള്‍ക്ക് മാസ്കുകള്‍ വീട്ടിലെത്തിച്ചു.
പ്രധാന നിര്‍ദേശങ്ങള്‍ ഇവയാണ്.
- വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്ന് സ്കൂളിലേക്ക് ഇറങ്ങുമ്പോഴെ മാസ്ക് ധരിക്കണം.
- പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും തെല്‍മല്‍ സ്കാനിങ് ഉണ്ടാകും.
- പനിയുള്ള കുട്ടികളെ പ്രത്യേകമായി പരിക്ഷക്കിരുത്തണമെന്നാണ് ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശം.4. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍ക്കും, ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പരീക്ഷാ എഴുതാന്‍ സ്കൂളില്‍ പ്രത്യേക സൗകര്യം ഒരുക്കും.
5 . വിദ്യാര്‍ഥികളുടെ ഇരിപ്പിടങ്ങള്‍ തമ്മില്‍ 1.5 മീറ്റര്‍ പാലിക്കും.
6 . കൈയുറകള്‍ ധരിച്ചാവും അധ്യാപകരുടെ പരീക്ഷാ മേല്‍നോട്ടം.
7 . രക്ഷകര്‍ത്താക്കളെ സ്കൂള്‍ ക്യാമ്പസിനകത്ത് പ്രവേശിപ്പിക്കില്ല.
8 . പരീക്ഷാ ഹാളിന് പുറത്ത് സാനിറ്റൈസറും സോപ്പും ലഭിക്കും.
ആവശ്യമുളളിടങ്ങളില്‍ കുട്ടികള്‍ക്കുള്ള ബസുകള്‍ സ്കൂള്‍ അധികൃതരാണ് സജ്ജമാക്കിയിട്ടുള്ളത്. ഹോട്ട് സ്പോട്ടുകളിലടക്കം സംസ്ഥാനത്ത് 2945 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.പഴുതടച്ച മുന്‍കരുതലുകള്‍ ഒരുക്കി പരീക്ഷ നടത്തിപ്പിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അവസാനഘട്ട വിലയിരുത്തല്‍ തിങ്കളാഴ്ച നടക്കും. ഹോട്ട് സ്പോട്ടുകളിലെ പരീക്ഷാ കേന്ദ്രങ്ങള്‍ മാറ്റുന്നത് അപ്രായോഗികമായതിനാല്‍ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.
ഉച്ചക്ക് 1.45 മുതല്‍ 4.30 വരെയാണ് എസ് എസ് എല്‍ സി പരീക്ഷ. ഗണിതമാണ് ചൊവ്വാഴ്ച. 10923 വിദ്യാര്‍ഥികള്‍ക്ക് പുതിയ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചിരുന്നു.ഇപ്പോള്‍ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് റഗുലര്‍ രീതിയില്‍ സേ പരീക്ഷക്കൊപ്പം എഴുതാന്‍ അവസരമുണ്ടാകും.
പ്രതിപക്ഷ എതിര്‍പ്പിനെ മറികടന്നുളള പരീക്ഷാ നടത്തിപ്പ് വിദ്യാര്‍ഥികള്‍ക്കൊപ്പം സര്‍ക്കാരിനും വെല്ലുവിളികളുടെ പരീക്ഷയാണ്.