എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ രണ്ടുഘട്ടമായി നടത്തും

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ രണ്ടു ഘട്ടമായി നടത്താന്‍ വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നു. ലോക്ക്‌ഡൌണിന് ശേഷം ഒരാഴ്ചത്തെ ഇടവേളയിലായിരിക്കും പരീക്ഷ.

നേരത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഒരേസമയത്താണ് നടത്തിയിരുന്നതെങ്കില്‍ ഇനി അതില്‍ മാറ്റമുണ്ടാകും. എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്കുശേഷവും പ്ലസ് ടു പരീക്ഷ രാവിലെയും ആയിരിക്കും. പ്ലസ് വണ്‍ പരീക്ഷ മാറ്റിവെക്കാനാണ് വിദ്യാഭ്യാസവകുപ്പ് ആലോചിക്കുന്നത്.

പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് അന്തിമതീരുമാനം വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചയ്ക്കുശേഷമായിരിക്കും. പരീക്ഷകള്‍ ഇടവേളകളില്ലാതെ അടുപ്പിച്ചുള്ള ദിവസങ്ങളിലായിരിക്കും നടത്തുക. ഒരു ബെഞ്ചില്‍ രണ്ടുപേരെ മാത്രമായിരിക്കും അനുവദിക്കുക.

SHARE