എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ മുതല്‍

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ മുതല്‍ ആരംഭിക്കും. പൊതു വിദ്യാഭ്യാസം, ഹയര്‍ സെക്കന്‍ഡറി, വിഎച്ച്എഇ വകുപ്പുകള്‍ ഏകീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച ശേഷമുള്ള ആദ്യ പൊതുപരീക്ഷയാണ് നാളെ ആരംഭിക്കുന്നത്.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ ആരംഭിച്ച് മാര്‍ച്ച് 26 ന് അവസാനിക്കും. മാര്‍ച്ച് പത്തിനു ആരംഭിക്കുന്ന വിഎച്ച്എസ്ഇ പരീക്ഷകള്‍ മാര്‍ച്ച് 27 നാണ് അവസാനിക്കുക. എല്ലാ വിഭാഗത്തിലുമായി 13.74 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്.

കേരളത്തില്‍ 2,945 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ലക്ഷദ്വീപിലും ഗള്‍ഫിലും ഒന്‍പത് വീതം കേന്ദ്രങ്ങളുണ്ട്. 4,24,214 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കായി കേരളത്തില്‍ 2009 കേന്ദ്രങ്ങളുണ്ട്. ലക്ഷദ്വീപില്‍ ഒന്‍പതും മാഹിയില്‍ ആറും ഗള്‍ഫില്‍ എട്ടും പരീക്ഷാകേന്ദ്രങ്ങളുണ്ട്. 4,38,825 വിദ്യാര്‍ഥികളാണ് ഒന്നാം വര്‍ഷ പരീക്ഷയെഴുതുന്നത്. രണ്ടാം വര്‍ഷ പരീക്ഷയെഴുതുന്നത് 4,52,575 വിദ്യാര്‍ഥികളാണ്. വിഎച്ച്എസ്ഇ പരീക്ഷയ്ക്കായി 389 കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്.

സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി നിലനില്‍ക്കുമ്പോഴും എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ, ടിഎച്ച്എല്‍സി പരീക്ഷകള്‍ മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു നേരത്തെ അറിയിച്ചു.