പത്രത്തിനൊപ്പം മാസ്‌ക് വിതരണം ചെയ്ത് കശ്മീരിലെ ഉര്‍ദു ദിനപത്രം; കൈയടി

ശ്രീഗനര്‍: കശ്മീരിലെ റോഷ്‌നി ഉര്‍ദു ദിനപത്രം കൈകളിലെത്തിയപ്പോള്‍ വായനക്കാര്‍ ഒന്നമ്പരന്നു. ഒന്നാം പേജില്‍ തന്നെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ മാസ്‌ക്. കൂടെ ഒരറിയിപ്പും, മാസ്‌കിന്റെ ഉപയോഗം നിര്‍ബന്ധം.

കൊറോണ വൈറസിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് റോഷ്‌നി മാസ്‌ക് വിതരണം ചെയ്തത്. മാസ്‌ക് ധരിക്കണമെന്ന സന്ദേശം പൊതുജനങ്ങള്‍ക്ക് അയയ്ക്കുന്നത് ഇപ്പോള്‍ പ്രധാനമാണെന്ന് ഞങ്ങള്‍ കരുതി, മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം അവരെ മനസിലാക്കുന്നതിനുള്ള നല്ല മാര്‍ഗമെന്ന നിലയിലാണ് പത്രത്തോടൊപ്പം മാസ്‌കും നല്‍കിയതെന്ന് റോഷ്നി ദിനപത്രത്തിന്റെ എഡിറ്റര്‍ സഹൂര്‍ ഷോറ പറഞ്ഞു.

ചിത്രത്തിന് കടപ്പാട്- ഇന്ത്യ ടുഡേ

ദിനപത്രത്തിന്റെ നടപടിയെ അഭിനന്ദിച്ച് നിരവധിപേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്ത് എത്തിയത്.

ജമ്മു കശ്മീരില്‍ ആറായിരത്തിലേറെ ആക്ടീവ് കോവിഡ് കേസുകളാണ് നിലവിലുള്ളത്. എണ്ണായിരത്തിലേറെ പേര്‍ക്ക് കോവിഡ് ഭേദമായി. 250ലേറെ പേര്‍ മരിച്ചു.