ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌; മൃതദേഹം നാളെ പുലര്‍ച്ചെ ഇന്ത്യയില്‍

ദുബൈ: ബോളിവുഡ് നടി ശ്രീദേവിയുടേത് മുങ്ങി മരണമെന്ന് റിപ്പോര്‍ട്ട്. ദുബൈയിലെ ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മുങ്ങി മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രക്തത്തില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നുവെന്നും മരണത്തിനു പിന്നില്‍ ദുരൂഹതകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഇന്നു രാത്രി മൃതദേഹം വിമാന മാര്‍ഗം ഇന്ത്യയിലേക്കു പുറപ്പെടും.

ദുബൈ ജുമൈറ ടവറിലെ ഹോട്ടല്‍ റൂമില്‍ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ശ്രീദേവിയുടെ മരണം. വെള്ളം നിറഞ്ഞ ബാത്ത് റൂമില്‍ കുഴഞ്ഞുവീണ നിലയില്‍ കാണപ്പെട്ട ഇവരെ റാഷിദ് ഹോസ്പിറ്റലിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആസ്പത്രിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നില്ല എന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നു.

മൃതദേഹം ഇന്ത്യയിലേക്കെത്തിക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങള്‍ ബന്ധുക്കളും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ചെയ്യുന്നുണ്ട്. പാസ്‌പോര്‍ട്ട് കാന്‍സല്‍ ചെയ്ത് മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതോടെ മൃതദേഹം കുടുംബത്തിന് കൈമാറും.