പാകിസ്താന്‍ സിന്ദാബാദ് വിളിച്ച അമൂല്യയെ കൊല്ലുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ശ്രീരാമ സേന

പാകിസ്താന്‍ സിന്ദാബാദ് വിളിച്ച പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ശ്രീരാമ സേന. ശ്രീരാമ സേന നേതാവ് സഞ്ജീവ് മറാടിയാണ് അമൂല്യയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.

പൗരത്വനിയമത്തിനെതിരെ അസദ്ദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം സംഘടിപ്പിച്ച പരിപാടിയിലാണ് ബെംഗളൂരു കോളേജ് വിദ്യാര്‍ത്ഥിനിയായ അമൂല്യ ലിയോണ പാകിസ്താന്‍ സിന്ദാബാദ് വിളിച്ചത്. വേദിയില്‍ നിന്ന് ഒവൈസി അടക്കമുളളവര്‍ ചേര്‍ന്ന് അമൂല്യയെ പുറത്താക്കുകയായിരുന്നു. അമൂല്യയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ്. പാകിസ്താന്‍ സിന്ദാബാദ് എന്നും ഹിന്ദുസ്ഥാന്‍ സിന്ദാബാദ് എന്നും വിളിച്ച അമൂല്യയെ ബാക്കി സംസാരിക്കാന്‍ അനുവദിക്കാതെയാണ് പോലീസ് പിടിച്ച് കൊണ്ട് പോയത്. അമൂല്യയ്ക്ക് ജാമ്യം പോലും അനുവദിക്കരുത് എന്നാണ് ശ്രീരാമ സേന നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ഹുബളളിയിലെ മൂന്ന് കശ്മീരി വിദ്യാര്‍ത്ഥികളുടെ നാവറുക്കുന്നവര്‍ക്ക് 3 ലക്ഷം രൂപ നല്‍കുമെന്ന് ശ്രീരാമ സേനയുടെ മറ്റൊരു നേതാവായ സിദ്ദലിംഗ സ്വാമിയും പ്രഖ്യാപിച്ചിട്ടുണ്ട്.

SHARE