ഐഎസ് ഭീകരാക്രമണം; ശ്രീലങ്കയിലെ മുസ്‌ലിം ജനത ഭയപ്പാടില്‍

കൊളംബോ: ഭീകരാക്രമണത്തിന് പിന്നാലെ ശ്രീലങ്കയിലെ ന്യൂനപക്ഷ വിഭാഗമായ മുസ്‌ലിംകള്‍ ഭയപ്പാടിലെന്ന് റിപ്പോര്‍ട്ടുകള്‍. ആക്രമണങ്ങളെ ഭയന്ന് പലരും പുറത്തിറങ്ങാന്‍ പോലും വിമുഖത കാട്ടുന്നതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുറത്തു പോകാന്‍ ഭയമാണെന്ന് മുഹമ്മദ് ഹസന്‍ എന്ന മധ്യവയസ്‌കന്‍ അന്തര്‍ദേശീയ മാധ്യമത്തോട് പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ആക്രമണത്തിന് ശേഷം പുറത്തേക്കിറങ്ങിയിട്ടില്ല. ആശങ്കയോടെയാണ് കഴിയുന്നത്. പുറത്തു പോയാല്‍ ജീവനോടെ തിരികെ എത്തുമെന്ന് ഒരു ഉറപ്പുമില്ല. ഹസന്‍ പറഞ്ഞു. പ്രിന്റിങ് പ്രസിലെ ജീവനക്കാരനായ ഹസന്‍ വീടിനുള്ളില്‍ തന്നെയിരിക്കാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ക്രിസ്ത്യന്‍ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലുമായി നടത്തിയ ചാവേര്‍ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞ ദിവസം ഐഎസ് ഏറ്റെടുത്തിരുന്നു.

അതേസമയം വിവിധ ഇടങ്ങളിലായി നടന്ന ഭീകരാക്രമത്തില്‍ നിരവധി മുസ്‌ലിംകളും കൊല്ലപ്പെട്ടിട്ടുണ്ട്. മുസ്ലിംങ്ങളും ക്രിസ്ത്യനികളും വളരെ സ്‌നേഹത്തില്‍ കഴിയുന്ന ദേശമാണ് ശ്രീലങ്ക. ചില കുടുംബങ്ങളില്‍ തന്നെ രക്ഷിതാക്കള്‍ ഒരു മതത്തിലും മക്കള്‍ മറ്റു മതങ്ങളിലുമായി സൗഹൃദത്തില്‍ കഴിയുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അറുപതുകാരിയായ സെറീന ബീഗം പറയുന്നതിങ്ങനെ: ‘മുസ്‌ലിംകളോട് ആളുകള്‍ക്ക് ദേഷ്യമാണെന്ന് എനിക്കറിയാം. കൈക്കുഞ്ഞുങ്ങളുമായി പള്ളിയിലെത്തിയ അമ്മമാര്‍ പോലും കൊല്ലപ്പെട്ടു. മനുഷ്യരുടെയുള്ളില്‍ ഇത്ര വെറുപ്പും വിദ്വേഷവും ഉണ്ടെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. ആക്രമിച്ചവരുടെ ഉള്ളിലുണ്ടായിരുന്നത് അത് മാത്രമാണ്. വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ ഞങ്ങള്‍ക്ക് പേടിയാണ്..’.

ന്യൂസിലന്റിലെ മുസ്‌ലിം പള്ളിയില്‍ നടന്ന ആക്രമണത്തിന്റെ പ്രതികാരമാണ് ശ്രീലങ്കയിലെ ആക്രമണത്തിന് പിന്നിലെന്ന് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം ആക്രമണത്തെ മുസ്‌ലിം സംഘടനകള്‍ അപലപിച്ചിരുന്നു. എന്നാല്‍, പലരും സമൂഹം ആശങ്ക നേരിടുന്നതായും വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയില്‍ 22 ദശലക്ഷം ജനങ്ങളില്‍ 10 ശതമാനം മാത്രമാണ് മുസ്‌ലിംകള്‍. ആക്രമണത്തിന് പിന്നാലെ മുസ്‌ലിംങ്ങള്‍ക്ക് നേരെ ആക്രമണം നടക്കുമെന്ന് പ്രചാരണം നടന്നിരുന്നു. 2009ല്‍ അവസാനിച്ച ആഭ്യന്തര യുദ്ധം വരെ മുസ്‌ലിം ജനത ഒട്ടേറെ ക്രൂരതകള്‍ അനുഭവിച്ചിരുന്നു. 2009ല്‍ ആഭ്യന്തരകലാപം അവസാനിച്ചതിന് ശേഷം മുസ്‌ലിംകള്‍ ലങ്കയില്‍ ഇടക്കിടെ ആക്രമിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മുസ്‌ലിംകള്‍ക്കെതിരെ ബുദ്ധസന്യാസിമാര്‍ പ്രചാരണം നടത്തിയത് വലിയ വിവാദമായിരുന്നു. 2013ലും 2018ലും മുസ്‌ലിം വിഭാഗം നേതൃത്വം നല്‍കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെയും ആക്രമണങ്ങളുണ്ടായി. ആക്രമണത്തിന് പിന്നാലെ രാജ്യത്ത് സമാധാനവും സഹവര്‍ത്തിത്വവും പുലരാന്‍ എല്ലാ ജനങ്ങളും മുന്നോട്ടു വരണമെന്നും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഹെ അഭ്യര്‍ത്ഥിച്ചിരുന്നു. ‘രാജ്യത്തെ മുസ്‌ലിംകള്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുണ്ട്. തമിഴരെപ്പോലെയും സിംഹളരെയും പോലെ തന്നെ അവരും രോഷാകുലരാണ്” വിക്രമസിംഗെ പറഞ്ഞു. സമൂഹം ആശങ്കയിലാണെന്നും ഇക്കാര്യം ഭരണകൂടത്തെ അറിയിച്ചതായും മുസ്‌ലിം കൗണ്‍സില്‍ ഓഫ് ശ്രീലങ്ക ഉപാധ്യക്ഷന്‍ ഹില്‍മി അഹമ്മദ് പറഞ്ഞു. സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ ന്യൂസിലന്റിലെ മുസ്‌ലിം പള്ളിയില്‍ നടന്ന ആക്രമണവുമായി ബന്ധമുള്ളതായി കരുതുന്നില്ലെന്നും അങ്ങനെയുള്ള വ്യാഖ്യാനത്തില്‍ അര്‍ത്ഥമില്ലെന്നും ന്യൂസിലീന്‍ഡ് പ്രധാനമന്ത്രി ജസിന്ഡ ആര്‍ഡേന്‍ പറഞ്ഞു.