ശ്രീലങ്കയിലെ മുസ്‌ലിം വിരുദ്ധ ലഹളക്ക് ശമനമില്ല : ക്രമസമാധാന വകുപ്പ് പ്രധാനമന്ത്രിയില്‍ നിന്ന് നീക്കി

കൊളംബോ: ശ്രീലങ്കയിലെ കാന്‍ഡിയയില്‍ പൊട്ടിപ്പുറപ്പെട്ട മുസ്‌ലിം വിരുദ്ധ ലഹളക്ക് പിന്നാലെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയില്‍ നിന്നു ക്രമസമാധാന വകുപ്പിന്റെ ചുമതല എടുത്തുമാറ്റി. ശ്രീലങ്കന്‍ പ്രസിഡന്റ് മെത്രി പാല സിരിസേനയുടേതാണ് ഉത്തവ്. ലഹള നിയന്ത്രിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. ചുമതല മറ്റൊരു മന്ത്രിക്ക് നല്‍കി. അതേസമയം, ദിവസങ്ങള്‍ പിന്നിട്ടിട്ടും ശ്രീലങ്കയിലെ കാന്‍ഡിയയില്‍ മുസ്‌ലിം വിരുദ്ധ ലഹളക്ക് ശമനമില്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടും അക്രമങ്ങള്‍ തുടരുകയാണ്.

കാന്‍ഡി സന്ദര്‍ശിച്ച പ്രസിഡന്റ് മൈത്രി പാല സിരിസേന വിവിധ മതനേതാക്കളുമായി ചര്‍ച്ച നടത്തി. കൂടാതെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയില്‍ നിന്നു ക്രമസമാധാന വകുപ്പിന്റെ ചുമതല എടുത്തുമാറ്റികൊണ്ട്് സിരിസേന ഉത്തരവിട്ടു. പകരം പുതിയ മന്ത്രിയായി യുഎന്‍പിയിലെ മുതിര്‍ന്ന നേതാവും പൊതുഭരണവകുപ്പ് മന്ത്രിയുമായ രണ്‍ജിത് മദുമ ഭന്ദാരെ സത്യപ്രതിജ്ഞ ചെയ്തു.

തിങ്കളാഴ്ചയാണ് ന്യൂനപക്ഷ മുസ്‌ലിംകള്‍ക്കെതിരെ ലഹള ആരംഭിച്ചത്. വര്‍ഗീയ കലാപത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി വീടുകളും പള്ളികളും കടകളും അക്രമികള്‍ തകര്‍ത്തു. 200 കടകളും മറ്റു സ്ഥാപനങ്ങളും അക്രമത്തിനിരയായതായി പൊലീസ് പറഞ്ഞു. അക്രമം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, അക്രമം വ്യാപകമായതോടെ ചൊവ്വാഴ്ച രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇതിനു ശേഷവും ലഹളക്ക് ശമനമാകാതിരുന്നതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയില്‍ നിന്നു ക്രമസമാധാന ചുമതല നീക്കം ചെയ്തത്.

കാര്‍ഡി ജില്ലയില്‍ നിന്ന് ഇതിനകം 81 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് റുവാന്‍ ഗുണശേഖര അറിയിച്ചു. ലഹളക്ക് നേതൃത്വം നല്‍കിയവരും അറസ്റ്റിലായിട്ടുണ്ട്. വംശീയ വിദ്വേഷ പ്രേരിതമായ അക്രമം അടിച്ചമര്‍ത്താന്‍ സത്വര നടപടി വേണമെന്നു ശ്രീലങ്കയിലെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.