ശ്രീവല്‍സം ബിസിനസ് ഗ്രൂപ്പില്‍ നിന്നു 100 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തിയതായി സൂചന

പത്തനംതിട്ട/കൊച്ചി: രാജ്യത്തിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പന്തളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീവല്‍സം ബിസിനസ് ഗ്രൂപ്പില്‍ നടത്തിയ ആദായ നികുതി പരിശോധയില്‍ കോടികളുടെ ബിനാമി നിക്ഷേപം കണ്ടെത്തിയതായി വിവരം. ഇരുനൂറ് കോടി രൂപയുടെ ഉറവിടം തേടിയുള്ള ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ ശ്രീവല്‍സം ഗ്രൂപ്പിന്റെ ബിസിനസ് ഇടപാടുകളില്‍ വന്‍ തോതില്‍ ബിനാമി നിക്ഷേപങ്ങള്‍ നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. നാഗാലന്‍ഡിലെ മുന്‍ അഡീഷനല്‍ എസ്പി എം കെ ആര്‍ പിള്ളയുടെ ഉടമസ്ഥതയിലുള്ള ശ്രീവല്‍സം സ്ഥാപനങ്ങളിലാണ് വ്യാഴാഴ്ച ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

പരിശോധനയില്‍ 100 കോടിയുടെ അനധികൃത സ്വത്തും കണ്ടെത്തിയത്രെ. നാഗാലന്‍ഡില്‍നിന്ന് ഹവാല വഴി കേരളത്തിലേക്ക് പണം കടത്തിയതായും പൊലീസിനു വിവരം ലഭിച്ചു. ഇതിനായി നാഗാലന്‍ഡ് പൊലീസിന്റെ വാഹനങ്ങള്‍ ഉപയോഗിച്ചതായും സംശയിക്കുന്നു. റെയ്ഡിനിടെ പന്തളത്തുനിന്ന് നാഗാലന്‍ഡ് പൊലീസിന്റെ വാഹനവും കണ്ടെത്തിയിരുന്നു.
കേരളം, കര്‍ണാടക, നാഗാലന്‍ഡ്, ഡല്‍ഹി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ ദിവസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. കേരളത്തില്‍നിന്നു മാത്രം 100 കോടി രൂപയുടെ അനധികൃത സ്വത്താണു കണ്ടെത്തിയത്. 2015 ഡിസംബറില്‍ ആദായനികുതിയുമായി ബന്ധപ്പെട്ട് സ്വയംപ്രഖ്യാപിക്കലിന്റെ ഒരു സ്‌കീമില്‍ 50 കോടി രൂപയുടെ സ്വത്ത് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള അന്വേഷണം ആദായനികുതി വകുപ്പ് തുടങ്ങിയിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലുകള്‍ക്കായുള്ള പൊലീസ് ഫണ്ട് കേരളത്തിലേക്കെത്തിച്ച് ഉപയോഗിക്കുകയായിരുന്നുവെന്നാണ് വകുപ്പിന്റെ പ്രഥമിക നിഗമനം. അഞ്ച് ജ്വല്ലറികള്‍, വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, വാഹനഷോറൂമുകള്‍, പണമിടപാടു സ്ഥാപനങ്ങള്‍ എന്നിവയുടെ നടത്തിപ്പുകാരണ് ശ്രീവല്‍സം ഗ്രൂപ്പ്.
കോന്നി, ഹരിപ്പാട് , പന്തളം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണു റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടത്തുന്നത്. എംകെആര്‍ പിള്ളയുടെ മക്കളായ അരുണ്‍ രാജ്, വരുണ്‍ രാജ് എന്നിവര്‍ക്കെതിരെ ആദായനികുതി വകുപ്പ് കേസെടുത്തിരുന്നു. നാഗാലാന്‍ഡ് പൊലീസില്‍ കോണ്‍സ്റ്റബിളായി സര്‍വീസില്‍ ചേര്‍ന്ന എംകെആര്‍ പിള്ള അഡീ. എസ്പിയായാണു വിരമിച്ചത്. നാഗാലാന്‍ഡിനുള്ള കേന്ദ്രഫണ്ടില്‍ ഒരു ഭാഗം സംസ്ഥാന സര്‍വീസിലെ ചില ഉദ്യോഗസ്ഥര്‍ ശ്രീവല്‍സം ഗ്രൂപ്പിന്റെ ബിസിനസ് ഇടപാടുകളില്‍ നിക്ഷേപിച്ചതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു പരിശോധനകള്‍ നടക്കുന്നത്. ഇരുനൂറു കോടിയോളം രൂപയുടെ നിക്ഷേപത്തിന്റെ യഥാര്‍ഥ ഉറവിടമാണ് ആദായനികുതി വകുപ്പ് തിരയുന്നത്. റെയ്ഡ് ദേശീയ പ്രാധാന്യമുള്ളതാണെന്നാണ് ആദായനികുതി വകുപ്പ് പറയുന്നു. നോട്ട് അസാധുവാക്കല്‍ സമയത്ത് പിള്ളയും ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളും ചേര്‍ന്ന് 50 കോടിരൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നലെ റെയ്ഡ് നടത്തിയപ്പോള്‍ തങ്ങള്‍ 100 കോടിരൂപ വെളിപ്പെടുത്താമെന്ന് ഇവര്‍ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. അതേസമയം 400 കോടിയുടെ ആസ്തിവിവരങ്ങളാണ് ഇന്നലത്തെ റെയ്ഡില്‍ മാത്രം കണ്ടെത്തിയത്. ഇതില്‍ തന്നെ മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ രണ്ടുകോടി രൂപ നിക്ഷേപിച്ചതിന്റെ വിവരങ്ങളും ലഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മുന്ന് ഫ്‌ളാറ്റുകള്‍, ബംഗളൂരുവില്‍ രണ്ട് ഫ്‌ളാറ്റുകളും വാണിജ്യ സ്ഥാപനങ്ങളും,മുസോറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങള്‍ എന്നിവ ആദായനികുതിവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിനുപുറമെ കേരളത്തില്‍ ശ്രീവത്സം ഗ്രൂപ്പ് കൊട്ടാരക്കരയില്‍ കോടികളുടെ ഭൂമിഇടപാട് നടത്തി. ഇതിന്റെയെല്ലാം വിശദമായ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബിനാമി നിക്ഷേപങ്ങള്‍, വ്യാജ കമ്പനികള്‍ എന്നിവയുടെ പേരിലും നിക്ഷേപങ്ങള്‍ കണ്ടെത്തിയതോടെ മറ്റ് കേന്ദ്ര ഏജന്‍സികളും വിഷയത്തില്‍ അന്വേഷണം നടത്തുമെന്നാണ് വിവരം. നിലവില്‍ നാഗാലാന്റ് പൊലീസിലെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റായി ജോലിചെയ്യുകയാണ് എംകെആര്‍ പിള്ള. മാത്രമല്ല ഡിജിപിയിടെ ഓഫീസില്‍ പ്രത്യേക ഉദ്യോഗസ്ഥന്റെ ചുമതലയും വഹിക്കുന്നുണ്ട്. പിള്ളസാര്‍ എന്നാണ് ഇയാള്‍ നാഗാലാന്റ് പൊലീസില്‍ അറിയപ്പെടുന്നത്. റെയ്ഡ് നടക്കുമ്പോള്‍ പിള്ളയുടെ വീട്ടില്‍ നിന്ന് നാഗാലാന്റ് പൊലീസിന്റെ ഒരു ട്രക്കും കണ്ടെത്തിയിട്ടുണ്ട്. ഇത് എന്തുകൊണ്ടുവരാന്‍ ഉപയോഗിച്ചതാണെന്ന് ആദായനികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്.

SHARE