‘ദ്രാവിഡ് കള്ളം പറയുമെന്ന് പ്രതീക്ഷിച്ചില്ല’; പ്രതികരണവുമായി ശ്രീശാന്ത്

ന്യൂഡല്‍ഹി: ക്രിക്കറ്റ് താരങ്ങളായ മഹേന്ദ്രസിംഗ് ധോണിക്കും രാഹുല്‍ ദ്രാവിഡിനുമെതിരെ പ്രതികരണവുമായി മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്. തന്റെ ജീവിതം തകര്‍ത്തത് ധോണിയും ദ്രാവിഡും ചേര്‍ന്നാണെന്ന് ശ്രീശാന്ത് കുറ്റപ്പെടുത്തി.

പ്രതിസന്ധി ഘട്ടത്തില്‍ ഇരുവരും പിന്തുണ നല്‍കിയില്ലെന്നും തന്റെ വാക്കുകള്‍ കേള്‍ക്കാനുള്ള സന്മനസ് പോലും ഇരുവരും കാണിച്ചില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

‘എന്നെ ഏറെ അറിയാവുന്ന ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഉണ്ടായിട്ടും എനിക്കൊപ്പം നിന്നില്ല. പ്രതിസന്ധിയിലേക്ക് പോകുന്ന സമയത്ത് ധോണിക്ക് ഞാന്‍ വിശദമായ സന്ദേശം അയച്ചിരുന്നു. എന്നാല്‍ മറുപടി ഒന്നും തന്നില്ല’, ശ്രീശാന്ത് പറഞ്ഞു.

റിപ്പബ്ലിക് ടി.വിക്കു നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ പ്രതികരണം.

sreesanth-1

ഐ.പി.എല്‍ ഒത്തുകളിക്കേസ് അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ 13 താരങ്ങളുടെ പേരാണ് പരാമര്‍ശിച്ചിട്ടുള്ളത്. ആ 13 പേരുകളും താന്‍ കണ്ടതാണ്. ആ പേരുകള്‍ പുറത്ത് എത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ അത് സാരമായി ബാധിക്കുമായിരുന്നു. എന്നാല്‍ നിരപരാധിയായ തന്നെയും ചിലരെയും കുടുക്കി കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു.

ഒത്തുകളി ക്കേസില്‍ പേര് പരാമര്‍ശിക്കപ്പെട്ടവരില്‍ ചിലര്‍ ഇപ്പോഴും ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളാണെന്നും ശ്രീശാന്ത് കുറ്റപ്പെടുത്തി.

എന്തും നേരിടാന്‍ തയാറാണെന്നും കളിക്കാന്‍ അനുവദിച്ചാല്‍ ഏത് രാജ്യത്തിനു വേണ്ടിയും കളിക്കാന്‍ താന്‍ ഒരുക്കമാണെന്നും ശ്രീശാന്ത് പറഞ്ഞു.