തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്ത് സര്‍ക്കാര്‍. ശ്രീറാമിനെ ആരോഗ്യ വകുപ്പിലാണ് നിയമിച്ചിരിക്കുന്നത്. പത്ര പ്രവര്‍ത്തക യൂണിയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് നിയമനം. ഒരാഴ്ചയായി ശ്രീറാമിനെ നിയമിച്ചിട്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
വകുപ്പുതല അന്വേഷണത്തില്‍ ശ്രീരാമിനെതിരെ തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിയമനം. കോടതി വിധി വരുന്നത് വരെ പുറത്തു നിര്‍ത്തേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികളെടുക്കും. പ്രതിയാക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓ?ഗസ്റ്റ് അഞ്ചിനാണ് ശ്രീറാമിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് സസ്‌പെന്‍ഷന്‍ കാലാവധി മൂന്ന് മാസത്തേക്ക് നീട്ടിയിരുന്നു.
ഏറ്റവും ഒടുവില്‍ സസ്‌പെന്‍ഷന്‍ കാലാവധി 90 ദിവസത്തേക്ക് നീട്ടി ഫെബ്രുവരി ഒന്നിന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഫെബ്രുവരി നാലിന് ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ആറ് മാസം പൂര്‍ത്തിയാകാനിരിക്കെയായിരുന്നു 90 ദിവസത്തേക്ക് നീട്ടിയത്. എന്നാല്‍ മുഖ്യമന്ത്രി പത്ര പ്രവര്‍ത്തക യൂണിയന്‍ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തിരിച്ചെടുക്കാനുള്ള തീരുമാനമെടുത്തത്. യൂണിയന്‍ ജനറല്‍ സെക്രട്ടറി അടക്കമുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. മദ്യപിച്ച് വാഹനമോടിച്ചുണ്ടായ അപകടത്തിലാണ് ബഷീര്‍ കൊല്ലപ്പെടുന്നത്. കേസില്‍ രക്ഷപ്പെടാന്‍ ശ്രീറാം ഒരുപാട് ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും മാധ്യമങ്ങള്‍ ജാഗ്രതയോടെ നില്‍ക്കുകയായിരുന്നു.