അലോപ്പതി മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്ന നിലപാട് ആവര്‍ത്തിച്ച് ശ്രീനിവാസന്‍

തിരുവനന്തപുരം: വിവാദമായ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടന്‍ ശ്രീനിവാസന്‍. കഴിഞ്ഞ ദിവസം കോവിഡിനോക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അലോപ്പതി ചികിത്സാരീതിയെ വിമര്‍ശിക്കുന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു. വൈറ്റമിന്‍ സി കൊവിഡിന് പ്രതിരോധം ആകുമെന്നായിരുന്നു ശ്രീനീവാസന്റെ പുതിയ പ്രസ്താവന. വൈറ്റമിന്‍ സി കൊവിഡിന് പ്രതിരോധം ആകുമെന്ന് പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറഞ്ഞു എന്നാണ് ശ്രീനിവാസന്‍ മാധ്യമം പത്രത്തില്‍ എഴുതിയത്.

അതേസമയം, തന്റെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്ന് ശ്രീനിവാസന്‍ ആവര്‍ത്തിച്ചു. മാധ്യമം ഓണ്‍ലൈനാണ് ശ്രീനിവാസന്റെ പ്രതികരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണെന്നും രോഗങ്ങള്‍ക്ക് ശാശ്വത പരിഹാരമില്ലാത്ത ചികിത്സാ സമ്പ്രദായമാണ് അലോപ്പതിയെന്ന് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നുമാണ് ശ്രീനിവാസന്‍ പറഞ്ഞു.

മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്ന് പറഞ്ഞിട്ട് അസുഖം വന്നപ്പോള്‍ മുന്തിയ ആശുപത്രികളിലൊന്നില്‍ ചികിത്സ തേടിയ ശ്രീനിവാസന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, താന്‍ വലിയ ആശുപത്രികളില്‍ ചികിത്സ തേടുന്നത് ആധുനിക സൗകര്യം പ്രയോജനപ്പെടുത്താനാണെന്നും അതിനിയും പോകുമെന്നും ശ്രീനിവാസന്‍ പറഞ്ഞതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനൊപ്പം മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്ന നിലപാടിലും മാറ്റമില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു.