‘ഒടിയനില്‍’ നിന്ന് മഞ്ജുവാര്യറെ നീക്കിയെന്ന പ്രചാരണം; വിശദീകരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍

മോഹന്‍ലാലിന്റെ ഇനി പുറത്തിറങ്ങാനുള്ള ചിത്രമായ ‘ഒടിയനില്‍’ നിന്ന് നായികയായി തീരുമാനിച്ചിരുന്ന മഞ്ജുവാര്യറെ നീക്കിയെന്ന പ്രചാരണത്തോട് പ്രതികരിച്ച് പരസ്യസംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ രംഗത്ത്. ഏറെ ചിലവേറിയ ചിത്രം വാരാണാസിയിലും ബനാറസിലുമാണ് ചിത്രീകരിക്കുന്നത്.

ട്വിറ്ററിലൂടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവിട്ട ശ്രീകുമാര്‍ മേനോന്‍ മഞ്ജുവാര്യര്‍ തന്നെയാണ് ചിത്രത്തിലെ നായികയെന്നും വ്യക്തമാക്കി. നേരത്തെ മഞ്ജുവാര്യറെ നീക്കം ചെയ്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ മഞ്ജുവാര്യര്‍ക്കുനേരെ ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ നായികാസ്ഥാനത്തുനിന്ന് താരത്തെ മാറ്റിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. മഞ്ജുവാര്യര്‍ നായികയായി മോഹന്‍ലാല്‍ നായകനുമായാണ് ഒടിയന്‍ എടുക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മ്മിക്കുന്നുവെന്നും ഇപ്പോള്‍ എല്ലാ കാര്യങ്ങളും വ്യക്തമായില്ലേയെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. ഇതോടെ മോഹന്‍ലാലിന്റെ ചിത്രത്തില്‍ നിന്നും മഞ്ജുവിനെ ഒഴിവാക്കിയെന്നുള്ള പ്രചാരണത്തിന് തിരിച്ചടി കിട്ടിയിരിക്കുകയാണ്.