നടി ശ്രീദേവി മരണകാരണം ഹൃദയാഘാതം മൂലമല്ലെന്ന് ഗള്‍ഫ് മാധ്യമങ്ങള്‍

ദുബായ്: നടി ശ്രീദേവി മരണകാരണം ഹൃദയാഘാതം മൂലമല്ലെന്ന് ഗള്‍ഫ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്.ദുബായ് ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ വീണതാണ് നടിയുടെ മരണകാരണമെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്. ഹോട്ടലിലെ കുളിമുറിയില്‍ കുഴഞ്ഞുവീണ ശ്രീദേവിയെ ഉടന്‍ ദുബായ് റാഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മരണം സംബന്ധിച്ച് ബര്‍ ദുബായ് പൊലീസ് കേസ് രജിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. മൃതദേഹം ഇപ്പോള്‍ അല്‍ ഖ്വാസെയ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ശ്രീദേവിയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തിക്കാന്‍ വൈകുമെന്നാണ് സൂചന. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ വൈകുന്നതാണ് കാരണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ഉച്ചയോടെ മുംബൈയിലെത്തിക്കുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഇന്നലെ രാത്രി പതിനൊന്നരയോടെ യു എ ഇയിലെ റാസല്‍ഖൈമയില്‍ വച്ചായിരുന്നു ശ്രീദേവിയുടെ മരണം. ഹൃദയാഘാതമായിരുന്നു മരണകാരണമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

നടനും ബന്ധുവുായ മോഹിത് മര്‍വയുടെ വിവാഹസത്കാര ചടങ്ങില്‍ പങ്കെടുക്കാനാണ് ശ്രീദേവി റാസല്‍ഖൈമയില്‍ എത്തിയത്. ഭര്‍ത്താവ് ബോണി കപൂറും ഇളയമകള്‍ ഖുഷിയും ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നു. ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ മരണവിവരം സ്ഥിരീകരിച്ചത്. ഹൃദയഘാതമാണ് നടിയുടെ മരണത്തിന് കാരണെന്നായിരുന്നു ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത് . അതേസമയം, ശ്രീദേവിക്ക് ഇതുവരെ ഹൃദയസംബന്ധമായ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് ബോണി കപൂറിന്റെ സഹോദരന്‍ സഞ്ജയ് കപൂര്‍ രംഗത്തുവന്നു.

നാലാം വയസില്‍ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന ശ്രീദേവി ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നൂറോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.