ശ്രീധരന്‍പിള്ളയുടെ സ്ഥാനാരോഹണം ബി.ജെ.പിക്ക് പുതിയ തലവേദന

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: രണ്ടു മാസത്തിലേറെ നീണ്ട അനിശ്ചതത്വത്തിനും വടംവലിക്കും ശേഷം അഡ്വ.പി.എസ് ശ്രീധരന്‍ പിള്ളയെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചത് ബി.ജെ.പിക്ക് അകത്ത് പുതിയ പോര്‍മുഖം തുറക്കും. പ്രസിഡന്റ് പദത്തിനായി നേര്‍ക്കുനേര്‍ പോരാട്ടത്തിലായിരുന്ന വി മുരളീധരന്‍ പി.കെ കൃഷ്ണദാസ് പക്ഷങ്ങളുടെ താല്‍പര്യങ്ങള്‍ യോജിപ്പിച്ച് കൊണ്ടുപോകുന്നത് ശ്രീധരന്‍ പിള്ളക്ക് എളുപ്പമല്ല.സംസ്ഥാന പ്രസിഡന്റ് പദത്തിനായി ചരടുവലിച്ച കെ സുരേന്ദ്രന്‍, പി.കെ കൃഷ്ണദാസ്, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് പുറമെ ആര്‍.എസ്.എസ് മുന്നോട്ടു വെച്ച പേരുകളും മറികടന്നാണ് ഒരുതവണ പ്രസിഡന്റായ ശ്രീധരന്‍ പിള്ളയെ പതിറ്റാണ്ടിനുശേഷം വീണ്ടും നിയമിക്കുന്നത്. ഇരു ഗ്രൂപ്പുകളെയും കൂട്ടിയോജിപ്പിക്കാനാവാതെ തൃശങ്കുവിലായതോടെ കുമ്മനം രക്ഷതേടുകയായിരുന്നു. ആര്‍.എസ്.എസ് നോമിനിയായി ഗ്രൂപ്പില്ലാ മുഖച്ഛായയോടെ സംസ്ഥാന പ്രസിഡന്റായ കുമ്മനം രാജശേഖരന് ബി.ജെ.പി മെമ്പര്‍ഷിപ്പ് പോലുമില്ലായിരുന്നു. അപ്രതീക്ഷിതമായി കുമ്മനം മിസോറാം ഗവര്‍ണറായി പോയതോടെ പ്രബലമായ ഇരുഗ്രൂപ്പുകളും മേല്‍ക്കോയ്മക്കു വേണ്ടി പടയൊരുക്കം ശക്തമാക്കി. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തില്‍ പ്രസിഡന്റിനെ മാറ്റിയത് ആര്‍.എസ്.എസിനെയുംചൊടിപ്പിച്ചു. സംസ്ഥാനത്ത് ഗ്രൂപ്പ് പ്രവര്‍ത്തനം ശക്തമാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ദേശീയ അധ്യക്ഷന്‍ നേരിട്ട് എത്തി ചര്‍ച്ച നടത്തിയിട്ടും സമവായമുണ്ടാക്കാനായില്ല.

വി മുരളീധര വിഭാഗം കെ സുരേന്ദ്രനെ പ്രസിഡന്റാക്കാന്‍ ശ്രമിച്ചപ്പോള്‍ കൃഷ്ണദാസ് വിഭാഗത്തിലെ എം.ടി രമേശിനെയോ എ.എന്‍ രാധാകൃഷ്ണനെയോ പദവി ഏല്‍പ്പിക്കണമെന്നായിരുന്നു എതിര്‍ വിഭാഗത്തിന്റെ ആവശ്യം. പി.കെ കൃഷ്ണദാസ് വിഭാഗം എം.ടി രമേശിന്റെ പേരും ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നെങ്കിലും മെഡിക്കല്‍ കോളജ് കോഴ ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് മറുവിഭാഗം തടയിട്ടത്. കെ സുരേന്ദ്രനെ എന്തു വിലകൊടുത്തും തടയുക എന്നതായിരുന്നു കൃഷ്ണദാസ് പക്ഷത്തിന്റെ അവസാന ശ്രമം. ഇതിന് കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവിനെ തന്നെ രംഗത്തിറക്കി കരുനീക്കിയത്രെ.

ഒത്തുതീര്‍പ്പില്‍ വലിയ നഷ്ടം സംഭവിച്ച നിരാശയിലാണ് മുരളീധര പക്ഷവും കെ സുരേന്ദ്രനും. രണ്ടു മാസമായി കേരളത്തിന് പുറമെ ഡല്‍ഹി കേന്ദ്രീകരിച്ചും നടത്തിയ വടംവലിയില്‍ അവസാന ഘട്ടത്തില്‍ കാലിടറിയതോടെ ഭാരവാഹികളില്‍ ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ശ്രമമാണ് ഇനി ആരംഭിക്കുക. കൂടാതെ ആര്‍.എസ് മുഖം തിരിക്കലും പ്രതിസന്ധി സൃഷ്ടിക്കും.
ആര്‍.എസ്.എസ് നോമിനികളില്‍ ആരെയെങ്കിലും സംസ്ഥാന പ്രസിഡന്റാക്കണമെന്ന നിര്‍ദ്ദേശം പരിഗണിക്കപ്പെടാത്തതില്‍ ആര്‍.എസ്.എസ് കടുത്ത നീരസത്തിലാണ്.പ്രജ്ഞാപ്രവാഹിന്റെ അഖിലേന്ത്യാ കണ്‍വീനര്‍ ജെ നന്ദകുമാര്‍, ഡോ. ബാലശങ്കര്‍, മധ്യപ്രദേശില്‍ സംഘടനാ സെക്രട്ടറിയായിരുന്ന പാലക്കാട് സ്വദേശി അരവിന്ദ് മേനോന്‍, സ്വദേശി ശാസ്ത്ര പ്രസ്ഥാനം നേതാവ് കെ ജയകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ബി ഗോപാലകൃഷ്ണന്‍, കണ്ണൂരില്‍ നിന്നുള്ള സദാനന്ദന്‍ മാസ്റ്റര്‍, വത്സന്‍ തില്ലങ്കേരി എന്നിവരില്‍ ഒരാളെ പരിഗണിക്കണമെന്ന ആവശ്യമാണ് ആര്‍.എസ്.എസ് മുന്നോട്ടു വെച്ചിരുന്നത്.

ആര്‍.എസ്.എസ് നേതാക്കളായ എ സേതുമാധവന്‍, ഹരികൃഷ്ണന്‍, ഗോപാലന്‍കുട്ടി മാസ്റ്റര്‍, കെ.കെ ബല്‍റാം എന്നിവര്‍ ബി ജെ പി ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളൊന്നും പാലിക്കപ്പെട്ടില്ല. ഒടുവില്‍, കുമ്മനം രാജശേഖരനെ കേരളത്തിലേക്ക് തിരിച്ച് വിളിക്കണമെന്നും അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനത്തെ തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ മത്സരിപ്പിക്കണമെന്നും അവസനാ ഉപാധി മുന്നോട്ടു വെച്ചു. ഇത് തത്വത്തില്‍ അംഗീകരിച്ചതായാണ് വിവരം. എന്നാല്‍, ആര്‍.എസ്.എസ് പ്രാന്തകാര്യവാഹ് കെ ഗോപാലന്‍കുട്ടി മാസ്റ്റര്‍ ഉള്‍പ്പെടെയുള്ള പ്രബല വിഭാഗത്തിന് പൂര്‍ണ്ണ താല്‍പര്യമില്ലാത്ത ശ്രീധരന്‍ പിള്ളക്ക് എല്ലാ വിഭാഗത്തെയും ഒന്നിച്ചു കൊണ്ടു പോകല്‍ ശ്രമകരമാവും.