ശ്രീ ശ്രീ രവിശങ്കര്‍ പാക്കിസ്താന്‍ സിന്ദാബാദ് വിളിക്കുന്ന വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ പാക്കിസ്താന്‍ സിന്ദാബാദ് എന്ന് വിളിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു. ബാംഗളൂരുവിലെ പരിപാടിക്കിടെ പാക്കിസ്താന്‍ സിന്ദാബാദ് വിളിച്ച യുവതിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കിയിരിക്കുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് രവിശങ്കറിന്റെ വീഡിയോ വീണ്ടും ചര്‍ച്ചയായത്.

2016-ലേതാണ് വീഡിയോ. ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന ലോക സാംസ്‌കാരിക ഫെസ്റ്റിവലില്‍ വെച്ചായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍ പാകിസ്ഥാനും ഹിന്ദുസ്ഥാനും സൗഹാര്‍ദ്ദത്തോടെ നീങ്ങണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് പാകിസ്ഥാന്‍ സിന്ദാബാദ് എന്ന് പറഞ്ഞത്. ‘പാകിസ്ഥാനും ഹിന്ദുസ്ഥാനും സൗഹാര്‍ദ്ദത്തോടെ മുന്നോട്ടുപോകണം. ജയ്ഹിന്ദും പാകിസ്താന്‍ സിന്ദാബാദും ഒരുമിച്ച് നീങ്ങണം’ രവിശങ്കര്‍ പറഞ്ഞു. തന്റെ പ്രസംഗത്തിനിടയില്‍ അദ്ദേഹം പാകിസ്ഥാന്‍ മതനേതാവായ മുഫ്തി മൗലാന മുഹമ്മദ് സയീദ് ഖാനോട് പാകിസ്ഥാന്‍ സിന്ദാബാദ് എന്ന വിളിക്കാന്‍ ആവശ്യപ്പെടുകയും അതിന് മറുപടിയായി ജയ്ഹിന്ദ് എന്നുവിളിക്കുകയും ചെയ്തിരുന്നു.

അന്ന് രവിശങ്കറിനെതിരെ ബി.ജെ.പിയില്‍ നിന്നും പ്രതിഷേധമുയര്‍ന്നിരുന്നു. രവിശങ്കറിനെ പാകിസ്ഥാനിലേക്ക് പറഞ്ഞുവിടണമെന്ന് ആഹ്വാനെ ചെയ്തുകൊണ്ടുള്ള ട്വീറ്റുകളും പ്രചരിച്ചു. എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി രവിശങ്കര്‍ രംഗത്തെത്തിയിരുന്നു. താന്‍ ഇമാമിന്റെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന വിളിക്ക് മറുപടിയായി ജയ്ഹിന്ദ് എന്ന പറയുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന വിളിച്ചിട്ടില്ലെന്നായിരുന്നു രവിശങ്കര്‍ പറഞ്ഞത്.

എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത പരിപാടിയിലായിരുന്നു അമൂല്യ ലിയോണ പാക്കിസ്താന്‍ സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ വിളിച്ചത്. ‘പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം വിളിച്ച അമൂല്യ ലിയോണ, ‘ഹിന്ദുസ്ഥാന്‍ സിന്ദാബാദ്’ എന്ന മുദ്രാവാക്യവും മുഴക്കി. പിന്നീട് വിശദീകരിക്കാന്‍ നിന്നെങ്കിലും മൈക്ക് ബലമായി പിടിച്ചുവാങ്ങി. പെണ്‍കുട്ടിയെ ഉവൈസി അടക്കമുള്ളവര്‍ മുദ്രാവാക്യം വിളിക്കുന്നതില്‍ നിന്ന് തടയുകയും കൈയില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അമൂല്യയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ബാംഗളൂരു ഫ്രീഡം പാര്‍ക്കില്‍ നടന്ന സമരത്തിലാണ് സംഭവമുണ്ടായത്.