തിരുവനന്തപുരം: ഡേറ്റ കൈമാറ്റ ആരോപണത്തില്‍ ഇതിനകം കുരുങ്ങിയ സ്പ്രിംക്ലര്‍ കമ്പനിക്ക് അന്താരാഷ്ട്ര കുത്തക മരുന്നുകമ്പനിയുമായി അടുത്തബന്ധമുള്ളതായി റിപ്പോര്‍ട്ട്. കൊറോണയ്ക്കെതിരെ പ്രതിരോധ മരുന്നുണ്ടാക്കുന്ന അന്താരാഷ്ട്ര മരുന്നു നിര്‍മാണ കമ്പനിയായ ഫൈസറുമായാണ് സ്പ്രിംക്ലറിന് ബന്ധമുള്ളത്. ഇവര്‍ ആവശ്യപ്പെട്ടാണ് കൊറോണ രോഗികളുടെ വിവരവും മറ്റും സ്പ്രിംക്ലര്‍ ശേഖരിക്കുന്നതെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട്. ഇതിന് കേരള സര്‍ക്കാര്‍ കൂട്ടുനിന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും കേരള സര്‍ക്കാറിനുമെതിരെ ഡാറ്റി വിവാദം കത്തുകയാണ്.
സ്പ്രിംക്ലര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ മരുന്നു കമ്പനിയ്ക്ക് ചോരുമെന്ന ആരോപണങ്ങള്‍ക്കിടയിലാണ് അമേരിക്കന്‍ കുത്തക മരുന്ന് കമ്പനിയായി ഫൈസറുമായുള്ള സ്പ്രിംക്ലറിന്റെ ബന്ധം പുറത്തുവരുന്നത്.
കൊവിഡ് പ്രതിരോധത്തിനുള്ള ആന്റിവൈറല്‍ മരുന്നും വാക്സിനുമുണ്ടാക്കുന്നുവെന്ന് അവകാശപ്പെടുന്ന കമ്പനിയാണ് ഫൈസര്‍. രോഗികളുടെ വിവര ശേഖരണത്തിന് ഫൈസര്‍ സ്പ്രിംക്ലറിന്റെ സഹായം തേടിയിരുന്നതായും വിവരങ്ങളുണ്ട്. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഇക്കാര്യം സ്ഥിരീകരിക്കുന്നു. രോഗികളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും അടക്കമുള്ളത് ലഭിച്ചിരുന്നത് സ്പ്രിംക്ലര്‍ വഴിയാണെന്ന് കമ്പനി നേരത്തെ തന്നെ സമ്മതിച്ചിരുന്നു.
അതേസമയം, സ്പ്രിംക്ളര്‍ വിവാദം കത്തുന്നതിനിടെ ഇടപാടിനെതിരെ പരോക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗവും രംഗത്തെത്തി. വിവരസ്വകാര്യതയും സുരക്ഷിതത്വവും സജീവ ചര്‍ച്ചാവിഷയമാകുന്ന കേരളത്തില്‍ നമ്മുടെ സ്വാതന്ത്ര്യം, ജനാധിപത്യം, സ്വാശ്രയത്വം, പരമാധികാരം എന്നീ മൂല്യങ്ങള്‍ എങ്ങനെ സംരക്ഷിക്കാനാവുമെന്നത് സജീവ പരിഗണന അര്‍ഹിക്കുന്ന വിഷയമാണെന്നും ഡാറ്റാ ചോര്‍ത്തല്‍, അനധികൃത പങ്കുവയ്ക്കല്‍, ദുരുപയോഗം എന്നിവ സംബന്ധിച്ച വാര്‍ത്തകള്‍ പതിവായിട്ടും ഡാറ്റാ സ്വകാര്യത, സുരക്ഷിതത്വം എന്നിവ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഇനിയും കണക്കിലെടുക്കപ്പെട്ടിട്ടില്ല എന്ന് ജനയുഗം മുഖപ്രസംഗം വിമര്‍ശിച്ചു.