സ്പ്രിംക്ലര്‍; കരാറില്‍ വ്യക്തതയില്ല; അതൃപ്തിയുണ്ടെന്ന് കാനം


തിരുവനന്തപുരം: അമേരിക്കന്‍ കമ്പനിയായ സ്പ്രിംക്ലറുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ അതൃപ്തി രേഖപ്പെടുത്തി സി.പി.ഐ.
കരാറില്‍ അവ്യക്ത ഉണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചു.

എ.കെ.ജി സെന്റിലെത്തിയാണ് കാനം കോടിയേരിയെ കണ്ടത്. ഇന്നലെ വൈകീട്ടായിരുന്നു കൂടിക്കാഴ്ച. സി.പി.ഐ അതൃപ്തി രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശ പ്രകാരം ഐ.ടി സെക്രട്ടറി എം ശിവശങ്കര്‍ സി.പി.ഐ ആസ്ഥാനത്തെത്തിയിരുന്നു.

ഇന്നലെ രാവിലെയാണ് ഐ.ടി സെക്രട്ടറി എം.എന്‍ സ്മാരകത്തിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. കരാര്‍ സാഹചര്യങ്ങളെല്ലാം ഐ.ടി സെക്രട്ടറി വിശദീകരിച്ചെങ്കിലും സി.പി.ഐയുടെ അതൃപ്തി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

കരാര്‍ വിശദാംശങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യാതിരുന്നത് ശരിയായില്ലെന്ന നിലപാടാണ് കാനം സ്വീകരിച്ചത്. നിയമ നടപടികള്‍ അമേരിക്കയിലാക്കിയതിലും സി.പി.ഐ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.

സ്പ്രിംക്ലര്‍ വിവാദത്തില്‍ സി.പി.ഐ.എം നേതൃത്വത്തെ നേരത്തെ തന്നെ സി.പി.ഐ സംസ്ഥാന ഘടകം അതൃപ്തി അറിയിച്ചിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പാലിച്ചല്ല സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും ഇടതുനയങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് എടുത്തതെന്നും സി.പി.ഐ ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡിന് ശേഷം മുന്നണി യോഗം വിളിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടിരുന്നു.

അതേസമയം തങ്ങള്‍ പരസ്യപ്രതികരണത്തിനില്ലെന്നും കൊവിഡ് കാലത്ത് വിവാദമുണ്ടാക്കാന്‍ മുന്നോട്ടുവരില്ലെന്നും കാനം രാജേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്.

SHARE