ലങ്കാബലാബലം ആദ്യ ടെസ്റ്റിന് ഇന്ന് തുടക്കം

ഗാലെ: ഇന്ത്യ-ലങ്ക ടെസ്റ്റ് പരമ്പരക്ക് ഇന്ന് ഗാലെയില്‍ തുടക്കം. ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ വിജയം തുടര്‍ക്കഥയാക്കാന്‍ ഇറങ്ങുമ്പോള്‍ റാങ്കിങില്‍ ഏഴാം സ്ഥാനക്കാരായ ശ്രീലങ്ക മാറ്റത്തിന്റെ പാതയിലാണ്. പുതിയ കോച്ച് രവിശാസ്ത്രിക്കും ക്യാപ്റ്റന്‍ കോലിക്കും ഏറെ നിര്‍ണായകമാണ് ലങ്കന്‍ പര്യടനം. ദുര്‍ബലരായ സിംബാബ്‌വെക്കെതിരായ ഏക ടെസ്റ്റ് പരമ്പരയില്‍ പരാജയമുഖത്ത് നിന്നും വിജയിച്ചു കയറിയ ലങ്ക കണക്കുകളില്‍ ഇന്ത്യക്കു മുന്നില്‍ തീര്‍ത്തും ദുര്‍ബലരാണ്. ജയവര്‍ധന, കുമാര്‍ സംഗക്കര, ജയസൂര്യ, മുത്തയ്യ മുരളീധരന്‍ തുടങ്ങി എതിരാളികളുടെ പേടി സ്വപ്‌നമായിരുന്ന പഴയ ലങ്കയുടെ നിഴല്‍ മാത്രമാണ് നിലവിലെ ലങ്കന്‍ ടീം. ക്യാപ്റ്റന്‍ ദിനേശ് ചാണ്ഡിമാലിന്റെ അഭാവത്തില്‍ ബാറ്റിങ് നിര തീര്‍ത്തും ദുര്‍ബലമാണ്. ബൗളിങില്‍ ലങ്ക പ്രധാനമായും ആശ്രയിക്കുന്നത് വെറ്റിറന്‍ ബൗളര്‍ രംഗന ഹെരാതിനെയാണ്. എങ്കിലും ആതിഥേയ ടീമിനെ ചെറുതാക്കി കാണാനില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി പറയുന്നത്. പകരം തങ്ങളുടെ പ്രകടനത്തില്‍ ശ്രദ്ധ ചെലുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ ക്രിക്കറ്റാണ് കളിക്കുന്നത്. എതിരാളികള്‍ ആരെന്നത് അപ്രസക്തമാണ്. എതിരാളികളുടെ ശക്തിയും ദൗര്‍ബല്യങ്ങളും വിലയിരുത്തി അതിനനുസരിച്ച് പ്രകടനം കാഴ്ചവെക്കുക എന്നതിലാണ് ശ്രദ്ധ ചെലുത്തുന്നതെന്നും കോലി പറഞ്ഞു. ഇന്ത്യന്‍ ടീം മത്സരങ്ങളെ പൂര്‍ണമായും ആദരിക്കുന്നുണ്ടെന്നുൂം ഓരോ ടെസ്റ്റും വിജയിക്കാന്‍ എത്രത്തോളം കഠിനാധ്വാനം ചെയ്യേണ്ടതുണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2015ല്‍ ഗാലെയില്‍ നിന്നും ആരംഭിച്ച പ്രയാണത്തിനൊടുവിലാണ് ഇന്ത്യ റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്തിയതെന്ന് കോലി ഓര്‍മിപ്പിച്ചു. ടീം ഉണ്ടാക്കിയെടുത്ത ഒരു രീതിയനുസരിച്ച് സ്ഥിരതയാര്‍ന്ന പ്രകടനം അടുത്ത ഏതാനും വര്‍ഷത്തേക്കു കൂടി തുടരാനാവുമെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ ഗാലെയില്‍ ഇന്ത്യക്ക് ഏറ്റ തോല്‍വി ഒരു വലിയ പാഠമായിരുന്നു. ഇതിന്റെ ഫലമായാണ് ടീമില്‍ ഒരു ഓള്‍ റൗണ്ടറുടെ സ്ഥാനം ഉറപ്പിച്ചതെന്നും നിലവില്‍ ഇന്ത്യന്‍ ടീം സന്തുലിതമാണെന്നും കോലി പറഞ്ഞു. 1982നു ശേഷം ഇന്ത്യയും ലങ്കയും തമ്മില്‍ 38 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ഇന്ത്യ 16 മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ ഏഴെണ്ണത്തില്‍ ലങ്ക വിജയം കണ്ടു. 15 ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിച്ചു. അതേ സമയം 1985നു ശേഷം ലങ്കയില്‍ ഇന്ത്യ ആറു ടെസ്റ്റുകള്‍ വിജയിച്ചപ്പോള്‍ ഏഴെണ്ണത്തില്‍ പരാജയപ്പെട്ടിട്ടുണ്ട്. 2016 ജൂലൈക്കു ശേഷം 17 ടെസ്റ്റില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ പരാജയം രുചിച്ചിട്ടുള്ളത്. പക്ഷേ ലങ്ക അവസാനം കളിച്ച അഞ്ചില്‍ മൂന്ന് ടെസ്റ്റുകളും സ്വന്തം നാട്ടില്‍ ജയിച്ചിട്ടുണ്ടെന്ന പ്രത്യേകതയുമുണ്ട്. എന്നാല്‍ ബംഗ്ലാദേശിനോട് പോലും ടെസ്റ്റില്‍ തോല്‍വി രുചിച്ച ലങ്കക്ക് ഇന്ത്യയെ പോലൊരു ടീമിനെ പിടിച്ചു കെട്ടാനാവുമോ എന്നത് സംശയമാണ്. ടോപ് ഓര്‍ഡറില്‍ കോലിപ്പട പരീക്ഷണങ്ങള്‍ക്കു തയാറായേക്കില്ല. അഭിനവ് മുകുന്ദും ശിഖര്‍ ധവാനുമായിരിക്കും ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക. ഹര്‍ദിക് പാണ്ഡ്യയെ ഓള്‍ റൗണ്ടറായി ഉള്‍പെടുത്തിയില്ലെങ്കില്‍ മാത്രമേ രോഹിത് ശര്‍മക്ക് അവസരം ലഭിക്കാനിടയുള്ളൂ. ആദ്യ രണ്ടു ദിവസം ബാറ്റിങിന് അനുകൂലവും പിന്നീട് സ്പിന്നര്‍മാരെ സഹായിക്കുന്ന തരത്തിലുമാണ് ഗാലെയിലെ പിച്ച്.

SHARE