മെസിയെ വീഴ്ത്തി ഇന്ത്യ

 

മാഡ്രിഡ്: ലയണല്‍ മെസിയുടെ നാട്ടുകാര്‍ ഇന്ത്യന്‍ ഫുട്‌ബോളിനെ നമിച്ചു. സ്‌പെയിനില്‍ നടക്കുന്ന അണ്ടര്‍ 20 കോട്ടിഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ അര്‍ജന്റീനയെ 2-1ന് പരാജയപ്പെടുത്തി. രാജ്യാന്തര ഫുട്‌ബോളില്‍ ഇന്ത്യ ലാറ്റിനമേരിക്കന്‍ പ്രതിയോഗികള്‍ക്കെതിരെ സ്വന്തമാക്കുന്ന ആദ്യ ജയമാണിത്. പത്ത് പേരായി ചുരുങ്ങിയിട്ടും ഇന്ത്യ വിജയിച്ചു എന്നതാണ് ആശ്ചര്യപ്പെടുത്തുന്നത്. മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ദീപക്ക് തഗ്രിയുടെ ഗോളില്‍ ഇന്ത്യ മുന്നിലെത്തി.അനായാസം പിടിക്കാന്‍ കഴിയുന്ന ഹെഡര്‍ ബോള്‍ അര്‍ജന്റീനയുടെ ഗോള്‍കീപ്പര്‍ക്ക് കൈയ്യില്‍ നിന്ന് വഴുതി. ഗോള്‍ നേടിയ ശേഷം ഇന്ത്യന്‍ താരങ്ങള്‍ ആത്മവിശ്വാസത്തോടെ പന്തുതട്ടി. ക്യത്യമായ ഇടപെടലുകള്‍ നടത്തി. പ്രതിരോധവും മധ്യനിരയും ഒന്നിനൊന്ന് മെച്ചം.
രണ്ടാം പകുതിയിലും വാശിയോടെ കളിച്ച ഇന്ത്യന്‍ യുവനിരക്ക് 54ാം മിനിറ്റില്‍ തിരിച്ചടിയേറ്റു. മധ്യനിരക്കാരന്‍ അനികേതിന് ചുവപ്പ് കാര്‍ഡ്. അന്‍വര്‍ അലിയുടെ കാലില്‍ നിന്നാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ പിറന്നത് . സുന്ദരമായ ഫ്രീകിക്ക് അര്‍ജന്റീനയുടെ ഗോളിക്ക് തടയാനായില്ല. ബോക്‌സിന് പുറത്ത് നിന്ന് അന്‍വര്‍ എടുത്ത വലങ്കാലന്‍ കിക്ക് പോസ്റ്റിലിടിച്ച് ഗോള്‍ വര കടന്നു. 72ാം മിനിറ്റിലാണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ പിറന്നത്. കൂടുതല്‍ പരിക്കുകളില്ലാതെ ഇന്ത്യക്ക് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചു.
ടൂര്‍ണമെന്റെിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടിരുന്നു. മൗറീറ്റാനിയ , റീജിയന്‍ ഓഫ് ഡി മര്‍സിയ എന്നിവര്‍ക്കെതിരെയായിരുന്നു പരാജയം. ഇതിനാല്‍ അടുത് ഘട്ടത്തില്‍ ഇന്ത്യയില്ല. എന്നാല്‍ കഴിഞ്ഞമത്സരത്തില്‍ അണ്ടര്‍ 20 റണ്ണേഴ്‌സ് അപ്പായ വെനസ്വേലയെ ഗോള്‍രഹിത സമനിലയില്‍ തളച്ചിരുന്നു.
അടുത്തിടെ അര്‍ജന്റീനയുടെ ദേശീയ സീനിയര്‍ ടീമിന്റെ പരിശീലകനായി ചുമതലയേറ്റ ലിയോണല്‍ സ്‌കലോനിയാണ് അവരുടെ യൂത്ത് ടീമിന്റെയും പരിശീലകന്‍. സഹായിയായി മുന്‍ അര്‍ജന്റീനയുടെ താരം പാബ്ലോ ഐമറും . അത്തരമൊരു ടീമിലെയാണ് ഇന്ത്യ മറികടന്നത്.
ആദ്യമായാണ് അര്‍ജന്റെീനയുടെ നാഷണല്‍ ടീമിനെ ഇന്ത്യന്‍ ടീം തോല്‍പ്പിക്കുന്നത് .2026 ഫുട്‌ബോള്‍ ലോകകപ്പ പ്രവേശനം സ്വപ്‌നം കാണുന്ന ഇന്ത്യന്‍ ടീമിന് യുവനിര നേടിയ ഈ വിജയം കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.

SHARE