ബി.സി.സി.ഐ തലപ്പത്തുള്ളവരെ മാറ്റണമെന്ന് സി.ഒ.എ

 
ന്യൂഡല്‍ഹി: ലോധ സമിതിയുടെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാത്ത ബി.സി.സി.ഐയുടെ തലപ്പത്തുള്ളവരെ പിരിച്ചു വിടണമെന്ന് സുപ്രീം കോടതി നിയോഗിച്ച ഭരണ സമിതി.
സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ബി. സി.സി.ഐ പ്രസിഡന്റ് സി.കെ ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറര്‍ അനിരുദ്ധ് ചൗധരി എന്നിവരുള്‍പ്പെടെ ബി. സി. സി. ഐ അധികൃതരെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ഭരണ സമിതി (സി. ഒ. എ) ആവശ്യപ്പെട്ടിരിക്കുന്നത്.
സുപ്രീം കോടതിക്ക് സമര്‍പ്പിച്ച അഞ്ചാമത്തെ സ്ഥിതി വിവര റിപ്പോര്‍ട്ടില്‍ ബി.സി.സി.ഐയുടെ ഭരണം, നിയന്ത്രണം, സംഘാടനം എന്നിവ തങ്ങളെ ഏല്‍പിക്കണമെന്നും, സി.ഇ.ഒ രാഹുല്‍ ജൊഹ്‌റിയുടെ നേതൃത്വത്തിലുള്ള പ്രൊഫഷണല്‍ ഗ്രൂപ്പിന്റെ സഹായം തെരഞ്ഞെടുപ്പ് നടക്കുന്നതു വരെ വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സുപ്രീം കോടതി നിര്‍ദേശിച്ചിട്ടും ആറു മാസക്കാലം ലോധ സമിതി ശിപാര്‍ശ നടപ്പിലാക്കാതിരിക്കാനാണ് നിലവിലെ ബി. സി. സി. ഐ ഭാരവാഹികള്‍ ശ്രമിച്ചതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. നിലവിലെ ഭാരവാഹികള്‍ ലോധ സമിതി ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ പ്രാപ്തരല്ലെന്ന് തെളിയിച്ച സാഹചര്യത്തില്‍ ഇവരെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സുപ്രീം കോടതി നിര്‍ദേശം തെറ്റായി വ്യാഖ്യാനിച്ചു കൊണ്ട് സി.ഇ.ഒ രാഹുല്‍ ജോഹ്‌റിയേയും ലീഗല്‍ ടീമിനേയും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫിനോടും പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ആവശ്യപ്പെട്ടതായും വിനോദ് റായ്, ഡയാന എദുല്‍ജി എന്നിവരടങ്ങിയ സി.ഒ.എ കോടതിയെ അറിയിച്ചിട്ടുണ്ട്.
ജൂലൈ 26ന് ചേര്‍ന്ന ബി. സി. സി.ഐയുടെ പ്രത്യേക കമ്മിറ്റി യോഗം ലോധ സമിതി ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ കഴിയാത്തതും ബുദ്ധിമുട്ടേറിയതുമാണെന്ന് പ്രഖ്യാപിച്ചത് കോടതിയലക്ഷ്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2016 സെപ്തംബറില്‍ ഓംബുഡ്‌സ്മാനായ എ.പി ഷായുടെ കാലാവധി പൂര്‍ത്തിയായതിനു ശേഷം ആറ് വിരമിച്ച ജഡ്ജിമാരുടെ പേരുകള്‍ നല്‍കിയിട്ടും പുതിയ ആളെ കണ്ടെത്താന്‍ ബി. സി. സി. ഐയ്ക്ക് സാധിച്ചില്ലെന്നും സി. ഒ. എ കുറ്റപ്പെടുത്തുന്നു.
ഫണ്ട് വിതരണത്തിനായി പുതിയ നയം രൂപീകരിക്കുന്ന കാര്യത്തിലും ബി.സി.സി.ഐ എതിര്‍പ്പു തുടരുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

SHARE