മാന്യം

ഒരു കായിക താരത്തെ മഹാനാക്കുന്ന മുഖ്യ ഘടകമെന്താണ്…? മൈതാനത്തെ മികവോ, അതോ മാന്യമായ പെരുമാറ്റമോ….. മൈതാനത്ത് മികവ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ മാന്യമായി പെരുമാറാനും കഴിയുമ്പോഴാണ് ഒരു സൂപ്പര്‍ താരം മഹാതാരമായി മാറുന്നത്. ഇവിടെയാണ് റോജര്‍ ഫെഡ്‌റര്‍ എന്ന താരത്തിന്റെ പ്രസക്തി. ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങളില്‍ അദ്ദേഹം ഇരുപതിലെത്തി നില്‍ക്കുന്നു. ടെന്നിസ് മൈതാനത്ത് അദ്ദേഹത്തിന് പകരം വെക്കാന്‍ മറ്റാരുമില്ലാത്ത അവസ്ഥയും സംജാതമാവുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ തലക്കനത്തിന്റെ ലാഞ്ചനയില്ല, ചിരിയില്‍ അഹങ്കാരത്തിന്റെ സ്പര്‍ശമില്ല, സംസാരത്തില്‍ അനാവശ്യ ജാഡകളുമില്ല. മാന്യതയിലൂടെ മഹാനാവുന്ന ഈ പ്രതിഭയുടെ പ്രായം 36 ആണ്-ടെന്നിസ് മൈതാനത്ത് യുവരക്തങ്ങള്‍ മിന്നിതിളങ്ങുമ്പോള്‍ അവര്‍ക്ക് മുഖം നല്‍കാതെ സ്വിറ്റ്‌സര്‍ലാന്‍ഡുകാരന്‍ കുതിക്കുകയാണ്.
സീസണിലെ ആദ്യ ഗ്രാന്‍ഡ്സ്ലാം ചാമ്പ്യന്‍ഷിപ്പാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. ടെന്നിസ് താരങ്ങളും ശകുനത്തില്‍ വിശ്വസിക്കുന്നവരായതിനാല്‍ സീസണിലെ ആദ്യ ചാമ്പ്യന്‍ഷിപ്പ് ആരും മുടക്കില്ലെന്ന് മാത്രമല്ല എല്ലാവരും കിരീടവും ഉന്നമിടും. റഫേല്‍ നദാലും നോവാക് ദ്യോക്യോവിച്ചും മരീന്‍ സിലിച്ചും കൊറിയക്കാരന്‍ ചാംഗുമെല്ലാമുണ്ടായിരുന്നല്ലോ ഇത്തവണ. പക്ഷേ ഫെഡ്‌റര്‍ ആകെ വിട്ടുകൊടുത്തത് ഒരു സെറ്റ് മാത്രമാണെന്ന സത്യത്തിലുണ്ട് പ്രായത്തിന്റെ പരിചയസമ്പത്തിന്റെ കൈക്കരുത്ത്. അതും ഫൈനലില്‍ മാത്രം. മൂന്നാഴ്ച്ച ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നിരന്തരം മല്‍സരങ്ങളാണ്. വിശ്രമത്തിന് അവസരമില്ല. നദാലിനെ പോലെ ഒരാള്‍ പരുക്കുമായി മടങ്ങിയത് കളിയുടെ തീവ്രത കൊണ്ടാണ്. ചാംഗ് സെമിയില്‍ തോറ്റതിന് ശേഷം പറഞ്ഞത് ഇത്ര വേഗത്തില്‍ ഈ വലിയ ചാമ്പ്യന്‍ഷിപ്പ് പിന്നിടാന്‍ കഴിയില്ലെന്നാണ്. കലാശപ്പോരാട്ടത്തില്‍ സിലിച്ച് എന്ന ക്രോട്ടുകാരന്‍ ഫെഡ്‌ററെ വിറപ്പിച്ചു എന്നത് സത്യം. 36 ല്‍ നില്‍ക്കുന്ന ഒരു സീനിയര്‍ താരത്തെ താരതമ്യേന ജൂനിയറായ ഒരു താരം വിറപ്പിക്കുന്നതില്‍ അതിശയമൊന്നുമില്ല. പക്ഷേ അഞ്ച് സെറ്റ് ദീര്‍ഘിച്ച പോരാട്ടത്തില്‍ ഒരിക്കല്‍ പോലും ഫെഡ്‌റര്‍ തല താഴ്ത്തിയില്ല. നെഞ്ച് വിരിച്ചുളള ഈ ഗെയിമില്‍ തല താഴ്ത്താന്‍ അവസാനം യുവതാരം നിര്‍ബന്ധിക്കപ്പെട്ടപ്പോള്‍ അതായിരുന്നു നീതി. കാലത്തിനൊപ്പം സഞ്ചരിക്കുന്നു ഫെഡ്‌റര്‍. കാലത്തിന് അതീതനാണ് താനെന്ന് അദ്ദേഹത്തിന് തോന്നാറില്ല-ഇന്നലെ മെല്‍ബണിലെ ഫോട്ടോ ഷൂട്ട് പോലും ആ താരത്തിന്റെ മാന്യതക്കുള്ള തെളിവ്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയാല്‍ പരമ്പരാഗതമായി ജേതാക്കള്‍ അടുത്ത ദിവസം മെല്‍ബണിലെ ഗവണ്‍മെന്റ്് ഹൗസില്‍ ഫോട്ടോ ഷൂട്ടിനെത്തും. എല്ലാ ഫോട്ടോഗ്രാഫര്‍മാരും ആ വരവ് കാത്തിരിക്കും. നമ്മുടെ നാട്ടില്‍ കാണുന്നത് പോലെ താരത്തിനോട് പോസ് ചെയ്യാന്‍ പറയാനുള്ള അധികാരം അവിടെ ഫോട്ടോഗ്രാഫര്‍മാര്‍ക്കില്ല. പക്ഷേ ഫെഡ്‌ററോട് എല്ലാവര്‍ക്കും എന്തും നിര്‍ദ്ദേശിക്കാം. അദ്ദേഹം പോസ് ചെയ്തു തരും, വിശാലമായി സംസാരിക്കും-ജാഡകളില്ലാതെ സെല്‍ഫിക്ക് പോലും പോസ് ചെയ്തു തരും.ഫെഡ്‌ററുടെ എത്രയോ മല്‍സരങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ട്. റിയോ ഒളിംപിക്‌സില്‍ അദ്ദേഹത്തെ കാണാമെന്ന് കരുതിയെങ്കില്‍ അവസാന സമയം കാല്‍മുട്ടിലെ വേദനയില്‍ അദ്ദേഹം വരാതിരുന്നു. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിലെ അദ്ദേഹത്തിന്റെ ഫൈനല്‍ മറക്കാനാവില്ല. വിംബിള്‍ഡണ്‍ മൈതാനത്ത് ഇരിപ്പിടം പോലുമില്ലാതെ റിപ്പോര്‍ട്ട് ചെയ്ത ആ ഫൈനല്‍ ആന്‍ഡി മുറെ സ്വന്തമാക്കിയെങ്കിലും ഫെഡ്‌റര്‍ പാലിച്ച മാന്യത ബ്രിട്ടിഷുകാരായ കാണികള്‍ പോലും മറന്ന് കാണില്ല. ചുവന്ന കുപ്പായത്തിലായിരുന്നു അന്ന് ഫെഡ്‌റര്‍. നീല കുപ്പായത്തില്‍ കാണികളുടെ നിര്‍ലോഭ പിന്തുണയില്‍ കളിച്ച ആതിഥേയ താരമായ മുറെ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ കാണികളോട് ആദ്യം നന്ദി പറയാനെത്തിയത് സ്വിസുകാരനായിരുന്നു. അദ്ദേഹത്തിന് വേണ്ടി അവരാരും കൈയ്യടിച്ചിരുന്നില്ല. പക്ഷേ ടെന്നിസ് എന്ന ഗെയിമിന്റെ മാന്യത പോലെ മഹാനായി നിന്നു അവിടെയും ഫെഡ്‌റര്‍. മഹത്വമെന്നത് മൈതാനത്തിന്റെ സംഭാവനയല്ല-സ്വയം ആര്‍ജ്ജിക്കുന്ന മൈതാന സത്യമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാത് കോലിയുടെ ആക്രോശങ്ങള്‍ കാണുന്നവര്‍ ഇത്ര വേണ്ടിയിരുന്നോ എന്ന് ചോദിക്കാറുണ്ട്. മാന്യന്മാരുടെ ഗെയിമായ ക്രിക്കറ്റില്‍ എന്തിനിത്ര അസഹിഷ്ണുത എന്നതും ചോദ്യമാണ്. നായകനാണെങ്കിലും താരമാണെങ്കിലും അവര്‍ ഗെയിമിനെയും ഗെയിമിലെ നിയമങ്ങളെയും കാണികളെയും ബഹുമാനിക്കണം. ഇവിടെയാണ് ഫെഡ്‌റര്‍ തല ഉയര്‍ത്തി നില്‍ക്കുന്നത്. ഗെയിമിനെ അദ്ദേഹം സ്‌നേഹിക്കുന്നു. കാണികളെ സ്‌നേഹിക്കുന്നു

 

SHARE