സ്‌പെഷ്യല്‍ ട്രെയിന്‍: റെയില്‍വേക്ക് ലഭിച്ചത് 16 കോടി രൂപ

ന്യൂഡല്‍ഹി: കൊറോണ കാലത്ത് ഇന്ത്യന്‍ റെയില്‍വേയുടെ ഇതുവരെയുള്ള വരുമാനം 16 കോടി രൂപ. അന്യസംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടെ സ്വന്തം നാടുകളിലെത്തിക്കുന്നതിനായി തുടങ്ങിയ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസിന് പുറമേ സര്‍വ്വീസ് ആരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചത് ഇക്കഴിഞ്ഞ പത്തിനാണ്. 15 ട്രെയിനുകളാണ് ആദ്യഘട്ടത്തില്‍ സര്‍വ്വീസ് നടത്തുക. ഡല്‍ഹിയില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കാണ് സര്‍വ്വീസ്. തിങ്കളാഴ്ച്ചയാണ് റിസര്‍വ്വേഷന്‍ ബുക്കിംഗ് ആരംഭിച്ചത്.

45,533 യാത്രക്കാരുടെ പേരിലാണ് ടിക്കറ്റ് ഇഷ്യൂ ചെയ്തത്. ആകെ യാത്രക്കാരുടെ എണ്ണം 82,317 ആണെന്ന് റെയില്‍വേ അറഇയിച്ചു. 16,15,63,821 രൂപയാണ് ടിക്കറ്റ് വില്പനയിലൂടെ ലഭിച്ചത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് കര്‍ശന നിയന്ത്രണങ്ങളോടെ സര്‍വ്വീസ് പുനരാരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിക്കുന്നത്. പ്രത്യേകം ട്രെയിനുകളായിട്ടായിരിക്കും സര്‍വ്വീസ് നടക്കുക. രാജ്യത്തുടനീളം ഭക്ഷ്യവസ്തുക്കളുടേയും മറ്റ് ഉത്പന്നങ്ങളുടേയും ലഭ്യത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ ഗുഡ്‌സ് ഗതാഗതം സുഗമമായി ലോക്ഡൗണ്‍ കാലത്തും നടന്നിരുന്നു.