ശരണ്യക്ക് ജയിലില്‍ പ്രത്യേക സുരക്ഷ; മുഴുസമയം നിരീക്ഷിക്കാന്‍ വാര്‍ഡന്‍

കണ്ണൂര്‍: ഒന്നര വയസ്സുകാരനായ മകനെ കൊന്ന കേസിലെ പ്രതി തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ(22)യ്ക്കു ജയിലില്‍ പ്രത്യേക സുരക്ഷയൊരുക്കും. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണു തീരുമാനം.കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡ് തടവുകാര്‍ കഴിയുന്ന ഡോര്‍മറ്ററിയിലാണു ശരണ്യയെ പാര്‍പ്പിച്ചിരിക്കുന്നത്. പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാന്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒരു വാര്‍ഡനു ചുമതല നല്‍കി.

ജയില്‍ ജീവനക്കാരുമായി ശരണ്യ സഹകരിക്കുന്നുണ്ടെങ്കിലും മാനസിക നില മെച്ചപ്പെടുത്തുന്നതിനുള്ള കൗണ്‍സലിങ് നല്‍കും. സ്വന്തം മകളെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി പിണറായി വണ്ണത്താന്‍കണ്ടി സൗമ്യയുടെ അനുഭവമാണു ശരണ്യയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രതക്കു കാരണം. ഇതേ ജയിലില്‍ കഴിഞ്ഞിരുന്ന സൗമ്യ 2018 ഓഗസ്റ്റ് 24ന് ജയില്‍ വളപ്പിലെ കശുമാവ് കൊമ്പില്‍ തൂങ്ങിമരിച്ചിരുന്നു. സുരക്ഷാ വീഴ്ചയാണ് ഇതിനു കാരണമായി കണ്ടെത്തിയത്. തുടര്‍ന്ന് 5 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

SHARE