യൂത്ത്‌ലീഗ്-യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കലക്ടറേറ്റിന് പിന്‍വശത്തുകൂടെ സ്പീക്കര്‍ മുങ്ങി

മലപ്പുറം: സ്വര്‍ണക്കടത്തുകേസി്ല്‍ സര്‍ക്കാരിനെതിരെ സമരം ശക്തമാക്കി പ്രതിപക്ഷം. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവജന സംഘടനകള്‍ സമര നടത്തി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ്19 അവലോകന യോഗത്തിനെത്തിയ സ്പീക്കര്‍ക്ക് കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരുന്നത്. പൊലീസുകാര്‍ക്കിടയിലൂടെ പ്രധാന ഗേറ്റ് വഴി സിവില്‍ സ്‌റ്റേഷനിലേക്ക് സ്പീക്കറുടെ വാഹന വ്യൂഹം കടന്നു.

ഇതോടെ യൂത്ത്‌ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റ് ഗേറ്റ് ഉപരോധിച്ച് തടയാന്‍ കാത്തുനിന്നു. തുടര്‍ന്ന് യോഗം കഴിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ കലക്ടറേറ്റിന് പിറകുവശത്ത് കൂടിയുള്ള ഗേറ്റ് വഴി പൊലീസ് സന്നാഹത്തോടെ സ്പീക്കര്‍ രക്ഷപ്പെടുകയായിരുന്നു. പ്രവര്‍ത്തകര്‍ കെ.എസ്.ആര്‍.ടി.സി പരിസരത്തുനിന്ന് പ്രകടനമാരംഭിച്ച് നഗരം ചുറ്റി കലക്ടറേറ്റ് പടിക്കല്‍ കുത്തിയിരുപ്പ് സമരം നടത്തി.

SHARE