സ്പീക്കര്‍ ഓം ബിര്‍ള ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ജയിലില്‍ കിടന്ന ആള്‍; വിവരങ്ങള്‍ ലോക്‌സഭാ വെബ്‌സൈറ്റില്‍നിന്ന് നീക്കി

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഏഴ് എം.പിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍. സ്പീക്കര്‍ തസ്തികയിലേക്ക് കോട്ടബുണ്ടി എം.പി ഓം ബിര്‍ളയെ തെരഞ്ഞെടുത്തത് ഏവരേയും അത്ഭുപ്പെടുത്തുന്ന ഒന്നായിരുന്നു. എന്നാല്‍ അതിനേക്കാള്‍ വലിയ ഞെട്ടലാണ് ഓം ബിര്‍ളയെ കുറിച്ചുള്ള ചില വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് നീക്കം ചെയ്തത്. ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ ചുമതലയിലുള്ള ലോക്‌സഭാ വെബ്സ്റ്റില്‍ നിന്നും ഓം ബിര്‍ളയുടെ ആര്‍.എസ്.എസ് അംഗത്വവും ബാബരി മസ്ജിദ് ധ്വംസന കേസില്‍ ജയിലില്‍ കിടന്ന വിവരവും പരാമര്‍ശിക്കുന്ന ഖണ്ഡികകള്‍ ഇപ്പോള്‍ കാണാന്‍ കഴിയില്ല.

ലോക്‌സഭാ വെബ്‌സൈറ്റിലെ ബിര്‍ളയുടെ പ്രൊഫൈലിന്റെ മുന്‍ പതിപ്പില്‍ ആര്‍.എസ്.എസുമായുള്ള ബന്ധം വ്യക്തമായി പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും, എഡിറ്റുചെയ്ത പതിപ്പില്‍ ഇതിനെക്കുറിച്ച് ഒരു പരാമര്‍ശവുമില്ല. ഇതുമാത്രമല്ല, പ്രൊഫൈല്‍ എഡിറ്റു ചെയ്യുന്നതിനു മുന്‍പ് ബാബരി ധ്വംസന കേസില്‍ ഓം ബിര്‍ള ജയില്‍ വാസം അനുഭവിച്ച വിവരവും ഉണ്ടായിരുന്നു. എന്നാല്‍, ഈ ഖണ്ഡികകളൊന്നും പുതിയ പതിപ്പില്‍ കാണാനില്ല. ‘റാം മന്ദിര്‍ നിര്‍മ്മാണ പ്രക്ഷോഭത്തില്‍ സജീവ പങ്കാളിയായ ഓം ബിര്‍ള ഉത്തര്‍പ്രദേശില്‍ തടവിലാക്കപ്പെട്ടിരുന്നു’ ലോക്‌സഭാ വെബ്‌സൈറ്റിലെ പഴയ പ്രൊഫൈലിലെ വരികളായിരുന്നു ഇത്.

എന്നാല്‍, എഡിറ്റു ചെയ്ത പ്രൊഫൈലില്‍ എം.പിയെന്ന നിലയില്‍ ചെയ്ത മികച്ചതും മാനുഷികവുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചു മാത്രമാണ് പറയുന്നത്. ആര്‍.എസ്.എസ് ബന്ധവും ബാബരി മസ്ജിദ് ധ്വംസനവുമായി ബന്ധപ്പെട്ട എല്ലാ ഭാഗവും നീക്കം ചെയ്തിരിക്കുന്നു.

അയോദ്ധ്യയില്‍ രാമ ക്ഷേത്രം നിര്‍മ്മിക്കുന്നതിനുവേണ്ടി ആരംഭിച്ച രാം മന്ദിര്‍ പ്രക്ഷോഭമാണ് ബാബരി മസ്ജിദ് ധ്വംസനത്തിലേക്കു നയിച്ചത്. മസ്ജിദ് തകര്‍ത്തതിനു പിന്നാലെ കലാപം പൊട്ടിപ്പുറപ്പെട്ടു. ആയിരക്കണക്കിനാളുകള്‍ കലാപത്തില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുന്നതിനുള്ള മറ്റൊരു ചുവടുവയ്പാണ് ലോക്‌സഭാ സ്പീക്കറായി ഓം ബിര്‍ളയെ നിയമിച്ചതെന്ന് ആരോപണം ശക്തമായിരുന്നു. രണ്ടു കാരണങ്ങള്‍ കൊണ്ടാണ് ഓം ബിര്‍ളയെ ലോക്‌സഭാ സ്പീക്കറാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചതെന്ന് ബി.ജെ.പിയില്‍ നിന്നു രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന രാജസ്ഥാനിലെ നേതാവ് പറയുന്നു. ഒന്ന് ഓംബിര്‍ള ഒരു സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നുവെന്നതാണ്. രണ്ടാമത്തെ കാരണം, മോദിയുമായി അടുത്തു നില്‍ക്കുന്നയാളാണ് ഓം ബിര്‍ള. മോദിയുടെ തീരുമാനങ്ങള്‍ ലോക്‌സഭയില്‍ ഓം ബിര്‍ളയിലൂടെ നടപ്പിലാക്കാനാകുമെന്ന് അദ്ദേഹത്തിനറിയാം. തിരിച്ചു ചോദ്യങ്ങള്‍ ചോദിക്കുന്നവരെയല്ല മറിച്ച് താന്‍ ആഗ്രഹിക്കുന്നതു ചെയ്യുന്നയാളെയാണ് മോദിക്ക് കൂടുതല്‍ ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

SHARE