വില്ലനാര്…? സ്പാനിഷ് ഫുട്‌ബോളില്‍ എല്‍ക്ലാസിക്കോ പോസ്റ്റ്‌മോര്‍ട്ടം

മാഡ്രിഡ്: സ്പാനിഷ് ഫുട്‌ബോളില്‍ മാത്രമല്ല ലോക ഫുട്‌ബോളില്‍ തന്നെ ഇപ്പോഴത്തെ പ്രധാന ചര്‍ച്ച ബാര്‍സിലോണയുടെ ലാലീഗ വിജയവും റയല്‍ മാഡ്രിഡിന്റെ ദയനീയ തകര്‍ച്ചയുമാണ്. സ്വന്തം മൈതാനത്ത് എന്താണ് റയലിന് സംഭവിച്ചത് എന്നതാണ് കാല്‍പ്പന്തിനെ അറിയുന്നവരുടെ ചോദ്യം. പ്രത്യേകിച്ച് വളരെ നിര്‍ണായകമായ പോരാട്ടത്തില്‍. തോല്‍വി ഒരു തരത്തിലും സഹിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു റയല്‍. അതിന് പല കാരണങ്ങളുമുണ്ടായിരുന്നു. അതില്‍ പ്രധാനം ലാലീഗ പോയിന്റ് ടേബിളിലെ ബാര്‍സയുടെ കുതിപ്പ് തന്നെ. സീസണിന്റെ തുടക്കം മുതല്‍ റയലിനെ ബഹുദൂരം പിറകിലാക്കിയാണ് ബാര്‍സ മുന്നേറിയത്. അവരെ തടയാന്‍ എല്‍ ക്ലാസിക്കോയിലെ വിജയം റയലിന് അത്യാവശ്യമായിരുന്നു. മറ്റൊന്ന് കഴിഞ്ഞ സീസണിലെ എല്‍ ക്ലാസിക്കോ പരാജയം. മികച്ച പോരാട്ടത്തില്‍ റയല്‍ കരുത്ത് പ്രകടിപ്പിച്ചിട്ടും മല്‍സരാവസാനത്തില്‍ ലിയോ മെസി നേടിയ ഗോള്‍ റയലിന് വന്‍ ആഘാതമായിരുന്നു. അബുാദാബിയില്‍ നടന്ന ഫിഫ ക്ലബ് ഫുട്‌ബോളിലെ വിജയം ദുര്‍ബലര്‍ക്കെതിരായ മേനിയാണെന്ന അപവാദത്തിന് തടയിടാനും ബാര്‍സക്കെതിരെ റയലിന് വലിയ വിജയം അത്യാവശ്യമായിരുന്നു. ആ മല്‍സരത്തിലാണ് മൂന്ന് ഗോള്‍ വാങ്ങി റയല്‍ പരാജയപ്പെട്ടത്.

പരാജയ കാരണങ്ങള്‍ തേടുന്നവര്‍ പ്രധാനമായും പറയുന്നത് മെസിയും കൃസ്റ്റിയാനോയും തമ്മിലുള്ള മല്‍സരം തന്നെയാണ്. മെസി സ്വന്തം നിലവാരം കാത്തപ്പോള്‍ ഒന്നാം പകുതിയിലെ മിന്നല്‍ നീക്കങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ കൃസ്റ്റിയാനോ ദൂുര്‍ബലനായിരുന്നുവെന്നാണ് സ്പാനിഷ് പത്രങ്ങളുടെ വിലയിരുത്തല്‍. മെസിക്കും കൃസ്റ്റിയാനോക്കും മല്‍സരം നിര്‍ണായകമായിരുന്നു. മല്‍സരം നടന്ന ബെര്‍ണബുവില്‍ എന്നും മികവ് പുലര്‍ത്തിയിട്ടുണ്ട് അര്‍ജന്റീനക്കാരന്‍. പലപ്പോഴും കൃസ്റ്റിയാനോയുമായുള്ള താരതമ്യത്തില്‍ മെസിയുടെ കരുത്ത് ബെര്‍ണബുവിലെ പ്രകടനമായിരുന്നു. ശനിയാഴ്ച്ച ഉച്ചക്ക് നടന്ന മല്‍സരമായിട്ടും മെസിയുടെ ആവേശത്തിന് കുറവുണ്ടായിരുന്നില്ല. ടീമിന് അനുകൂലമായി ഒരു പെനാല്‍ട്ടി ലഭിച്ചപ്പോള്‍ മെസി അതുപയോഗപ്പെടുത്തുകയും ലാലീഗ സീസണിലെ തന്റെ ഗോള്‍ സമ്പാദ്യം ഉയര്‍ത്തുകയും ചെയ്തു. കൃസ്റ്റിയാനോ പതിവ് ഫോമില്‍ ആദ്യ പകുതിയില്‍ ഉജ്ജ്വലമായി കളിച്ചു. അദ്ദേഹത്തിന് ലഭിച്ച അവസരങ്ങള്‍ നിര്‍ഭാഗ്യ വഴിയില്‍ അകപ്പെട്ടപ്പോള്‍ ആ നിരാശ പോര്‍ച്ചുഗലുകാരന്റെ രണ്ടാം പകുതിയെ ബാധിച്ചു.

മോദ്രിച്ചിന്റെ റോള്‍

സ്പാനിഷ് ടീമുകള്‍ പണ്ട് മുതലേ 4-4-2 ശൈലിക്കാരാണ്. ബാര്‍സയും റയലുമെല്ലാം പരിശീലകരെ പലവട്ടം മാറ്റിയിട്ടും ഈ ശൈലി മാറ്റിയിരുന്നില്ല. എന്നാല്‍ പെപ് ഗുര്‍ഡിയോള ബാര്‍സയുടെ പരിശീലകനായി വന്നതിന് ശേഷമാണ് ശൈലിയില്‍ ചെറിയ മാറ്റം വന്നത്. 4-4-2 ശൈലി അദ്ദേഹമാണ് ആദ്യമായി സ്‌പെയിനില്‍ വിജയകരമായി പ്രയോഗിച്ചത്. (പെപ്പിന്റെ കാലത്താണ് ബാര്‍സ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയത്) അതിന് ശേഷം സ്പാനിഷ് മുഖ്യധാരാ ക്ലബുകളെല്ലാം ഈ ശൈലിക്കൊപ്പമാണ്. ഇന്നലെ ബാര്‍സയും റയലും പ്രയോഗിച്ചത് 4-4-2 തന്നെ. നാല് മധ്യനിരക്കാരെയാണ് രണ്ട് ടീമുകളും പ്രയോഗിച്ചതെങ്കില്‍ ബാര്‍സയുടെ നാല് പേരും സ്വന്തം പൊസിഷന്‍ കാത്ത് പരമ്പരാഗതമായി കളിച്ചപ്പോള്‍ റയല്‍ മധ്യനിരയില്‍ ലുക്കാ മോദ്രിച്ച് എന്ന പത്താം നമ്പറുകാരന് സ്‌പെഷ്യല്‍ റോളായിരുന്നു. മുന്‍നിരക്കാരായ കൃസ്റ്റിയാനോയും കരീം ബെന്‍സേമയും ഓടിക്കയറുമ്പോള്‍ അവര്‍ക്കൊപ്പം മുന്‍നിരക്കാരന്റെ റോള്‍ വഹിക്കണം. ഈ റോള്‍ പക്ഷേ മോദ്രിച്ചിന് ഫലപ്രദമായി ഉപയോഗപ്പെടുത്താനായില്ല. കാരണം പലപ്പോഴും അദ്ദേഹം ഇറങ്ങി കളിക്കുന്ന താരമാണ്. മോദ്രിച്ച് മുന്നേറി കളിക്കുമ്പോള്‍ മധ്യനിരയില്‍ പലപ്പോഴും അദ്ദേഹത്തിന്റെ അസാന്നിദ്ധ്യമുണ്ടായി. പിന്‍നിരയിലും അദ്ദേഹത്തിന് ഇറങ്ങി കളിക്കാന്‍ കഴിയാതെ വന്നു. മോദ്രിച്ച് ഇല്ലാതെ വന്നതും പലപ്പോഴും മെസിക്കും സുവാരസിനും കാര്യങ്ങള്‍ എളുപ്പമാക്കി.

പ്രതിരോധത്തിലും മുന്‍നിരക്കാര്‍

റയലിന്റെ പ്രതിരോധം ശക്തമാണ്. പക്ഷേ ഡാനി കാര്‍വജാലും മാര്‍സിലോയും പലപ്പോഴും മുന്നേറി കളിക്കുന്ന ഡിഫന്‍ഡര്‍മാരാവുമ്പോള്‍ അവരുടെ അസാന്നിദ്ധ്യം പ്രകടമാവുന്നു. രണ്ട് പേരും റയലിന് വേണ്ടി പറന്ന് കളിക്കാറുണ്ട്. പക്ഷേ ആക്രമണത്തിന് ഇവര്‍ പോവുമ്പോള്‍ പെട്ടെന്നുളള പ്രത്യാക്രമണം വരുമ്പോള്‍ റയല്‍ ഡിഫന്‍സില്‍ ആളില്ലാതെ വരുന്നു. സുവാരസ് നേടിയ ആദ്യ ഗോള്‍ ഇതിന് ഉദാഹരണമായിരുന്നു. ബാര്‍സ നിരയിലെ ഡിഫന്‍ഡര്‍മാരെ നോക്കുക-അവരാരും ആക്രമിച്ച് മുന്നേറുന്നില്ല. സെര്‍ജി റോബര്‍ട്ടോയും ജോര്‍ദി ആല്‍ബയും സ്വന്തം ഡിഫന്‍സ് ഭദ്രമാക്കി കളിക്കുന്നവരാണ്. സുവാരസ് ഗോള്‍ നേടുമ്പോള്‍ ആ നിക്കത്തിന് തുടക്കമിട്ടത് സെര്ജിയോ ബെസ്‌ക്കിറ്റസും ഇവാന്‍ റാക്കിറ്റിച്ചുമായിരുന്നു. പന്ത് പാസ് ചെയ്തതിന് ശേഷം സ്വന്തം റോള്‍ ഇവര്‍ ഭംഗിയാക്കി. സുവാരസിനെ മാര്‍ക്ക് ചെയ്യാന്‍ റയല്‍ ഡിഫന്‍സില്‍ ആരുമുണ്ടായിരുന്നവില്ല. സ്വതന്ത്രമായി പന്തുമായി മുന്നേറിയാണ് അദ്ദേഹം സ്‌ക്കോര്‍ ചെയ്തത്. സുവാരസിനെ മാര്‍ക്ക് ചെയ്യാന്‍ നിയോഗിക്കപ്പെട്ട കാര്‍വജാല്‍ ആ സമയം മുന്‍നിരയിലായിരുന്നു. റയല്‍ മുന്‍നിരയില്‍ കൃസ്റ്റിയാനോയെ ബാര്‍സ ഡിഫന്‍സ് വ്യക്തമായി മാര്‍ക്ക് ചെയ്തിരുന്നു. മാര്‍ക്കിംഗ് കൃസ്റ്റിയാനോ അതിജീവിച്ചപ്പോഴെല്ലാം അപകടകരങ്ങളായ ഷോട്ടുകള്‍ പിറന്നു. ആ സമയമാവട്ടെ ഗോള്‍ക്കീപ്പര്‍ രക്ഷകനുമായി.

ഡിഫന്‍സിലെ ജാഗ്രത

ബാര്‍സാ ഡിഫന്‍ഡര്‍മാര്‍ ജാഗ്രതയില്‍ മുന്‍പന്തിയിലായിരുന്നു. നല്ല ഉദാഹരണം ജെറാര്‍ഡ് പിക്വ തന്നെ. മുമ്പ് റയലിന് വേണ്ടി കളിച്ചിരുന്നു അദ്ദേഹം. ആ സമയത്തും സ്വന്തം ജോലിയില്‍ അദ്ദേഹം പുലര്‍ത്തിയ ജാഗ്രത അപാരമായിരുന്നു. റയലിനെതിരെ ഇന്നലെ അദ്ദേഹം പന്ത് മനോഹരമായി ക്ലിയര്‍ ചെയ്തത് എട്ട് തവണയായിരുന്നു. പിക്വ കൂട്ടുകാരോട് പറയാറുള്ളത് റയല്‍ മുന്‍നിരക്കാര്‍ക്ക് പന്ത് പാസ് ചെയ്യാന്‍ സ്വാതന്ത്ര്യം അനുവദിക്കരുതെന്നാണ്. ബാര്‍സയില്‍ പിക്വ വഹിച്ച റോളായിരുന്നു റയലില്‍ വരാനേയുടേത്. പക്ഷേ നല്ല ഒരു ക്ലിയറന്‍സിന് പോലും വരാനെക്കായില്ല.

മെസി സ്വതന്ത്രന്‍

മെസിയെ പോലെ അത്യപകടകാരിയായ ഒരു താരത്തെ സ്വതന്ത്രനാക്കി വിടുക എന്ന വിഡ്ഡിത്തം റയല്‍ മാത്രമേ കാണിക്കു-അതും സ്വന്തം മൈതാനത്ത്. മത്തിയാ കോവാസിച്ച് എന്ന താരത്തെയാണ് സിദാന്‍ മെസിയെ മാര്‍ക്ക് ചെയ്യുന്ന ജോലി ഏല്‍പ്പിച്ചത്. പക്ഷേ ക്രൊയേഷ്യന്‍ താരം ഇതിനകം ലാലീഗയില്‍ ഈ സീസണില്‍ കളിച്ചത് ആകെ മൂന്ന് മല്‍സരങ്ങളിലാണ്. അത്തരത്തില്‍ ഒരാളെ മെസിയെ നോക്കാന്‍ ഏല്‍പ്പിച്ചത് വഴി സിദാന്‍ വിമര്‍ശനങ്ങള്‍ ചോദിച്ചു വാങ്ങി. സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ബാര്‍സക്കെതിരായ മല്‍സരത്തില്‍ റയലിന് വേണ്ടി കരുത്ത് പ്രകടിപ്പിച്ചിരുന്നു കോവാസിച്ച്. ആ ആത്മവിശ്വാസമാവാം സിദാനെ അദ്ദേഹത്തിന് ആദ്യ ഇലവനില്‍ തന്നെ അവസരം നല്‍കാന്‍ പ്രേരിപ്പിച്ചത്. കോവാസിച്ചിന് ഒരു ജോലി നല്‍കിയാല്‍ അദ്ദേഹം അത് ഭദ്രമാക്കും. പക്ഷേ പലപ്പോഴും മാര്‍സിലോ, കാര്‍വജാല്‍ എന്നിവരെ പോലെ അദ്ദേഹവും ആക്രമണത്തിന് തുനിയുമ്പോള്‍ മെസി സ്വതന്ത്രനാവും.

മെസിയും കൃസ്റ്റിയാനോയും

രണ്ട് പേരും അത്യുജ്ജ്വല താരങ്ങള്‍. രണ്ട് പേരും മനോഹരമായി കളിക്കുകയും ചെയ്തു. പക്ഷേ മാറ്റം എന്ന് പറയുന്നത് മെസിക്ക് പന്ത് നല്‍കാന്‍ ബാര്‍സ മധ്യനിര ധാരാളിത്തം കാട്ടിയപ്പോള്‍ കൃസ്റ്റിയാനോ പലപ്പോഴും പന്ത് കിട്ടാതെ വിഷമിച്ചു. പോര്‍ച്ചുഗലുകാരന് പന്ത് കിട്ടിയപ്പോഴെല്ലാം ബാര്‍സ വിറക്കുകയും ചെയ്തു. വ്യക്തിഗത മികവ് അളന്നാല്‍ ഒരു ഗോളും പത്തോളം സുന്ദരമായ പാസുകളുമായി മെസി കരുത്തനായി നില കൊണ്ടു. സ്വന്തം വിംഗിലുടെ മാത്രമല്ല മൈതാനത്തിന്റെ ഏത് ഭാഗത്തും അദ്ദേഹം പറന്നെത്തുന്നു, സുന്ദരമായി പന്ത് പാസ് ചെയ്യുന്നു. നല്ല ഉദാരണം അലക്‌സി വിദാല്‍ നേടിയ മൂന്നാം ഗോള്‍ തന്നെ. മെസി നല്‍കിയ സൂപ്പര്‍ പാസായിരുന്നു ഗോളില്‍ കലാശിച്ചത്.

കോച്ചിന് മാര്‍ക്ക്

ബാര്‍സ കോച്ച് വെല്‍ഡാര്‍ഡേയെ പുകഴ്ത്താതെ വയ്യ. ലൂയിസ് സുവാരസിന്റെ ഒരു ഗോളിന് ബാര്‍സ ലീഡ് ചെയ്ത വേളയില്‍ കോച്ച് പ്രതിരോധത്തില്‍ അതീവ ജാഗ്രതക്ക് നിര്‍ദ്ദേശം നല്‍കിയില്ല. മറിച്ച് ആക്രമിക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഇത് വഴിയാണ് രണ്ട് ഗോളുകള്‍ പിറന്നതും ബാര്‍സ തകതര്‍പ്പന്‍ വിജയം ഉറപ്പിച്ചതും. സിദാന്‍ അത്തരത്തിലൊന്നും ചിന്തിച്ചില്ല. അദ്ദേഹം ആദ്യ പകുതിയാണ് ലക്ഷ്യമിട്ടത്. നല്ല തുടക്കം ടീമിന് ലഭിക്കുകയും തുടക്കത്തില്‍ ഗോള്‍ നേടാനായാല്‍ ബാര്‍സയെ മാനസികമായി തകര്‍ക്കാമെന്നായിരുന്നു സിസുവിന്റെ പ്ലാന്‍. പക്ഷേ ആദ്യ പകുതിയില്‍ നന്നായി കളിച്ചിട്ടും പല വേളകളിലും റയല്‍ നിര്‍ഭാഗ്യവാന്മാരായിരുന്നു. കൃസ്റ്റിയാനോയും ബെന്‍സേമയും അധ്വാനിച്ച് കളിച്ചിട്ടും ഗോള്‍ പിറന്നില്ല.

SHARE