എതിരാളികളെ നിഷ്പ്രഭരാക്കി സ്പാനിഷ് ഗാഥ

എതിരാളികളെ നിഷ്പ്രഭരാക്കിയ വിജയവുമായി സ്‌പെയിന്‍ ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍. നെഹ്‌റു സ്റ്റേഡിയത്തില്‍ ഇന്നലെ ഉത്തര കൊറിയയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് സ്‌പെയിന്‍ തകര്‍ത്തത്. മൂന്നു മത്സരങ്ങളും തോറ്റ് കൊറിയ ഡി ഗ്രൂപ്പില്‍ നിന്ന്പുറത്തായി. ടൂര്‍ണമെന്റില്‍ ഒരു ഗോളും നേടാനാവാതെയാണ് ഏഷ്യന്‍ കരുത്തരുടെ മടക്കം. മൂന്നു മത്സരവും ജയിച്ച് ഒമ്പത് പോയിന്റുമായി ബ്രസീല്‍ ഡി ഗ്രൂപ്പ് ചാമ്പ്യന്‍മാരായി.

റയല്‍ മാഡ്രിഡ് യൂത്ത് ടീം താരങ്ങളായ മുഹമ്മദ് മുഖ്‌ലിസും സീസര്‍ ഗെലാബെര്‍ട്ടുമാണ്‌സ്‌പെയിനിന്റെ വിജയ ഗോളുകള്‍ നേടിയത്. പ്രീക്വാര്‍ട്ടര്‍ ബെര്‍ത്തിന് ജയം അനിവാര്യമായതിനാല്‍ തുടക്കത്തില്‍ തന്നെ സ്‌പെയിന്‍ ആക്രമിച്ചു കളിച്ചു. 71 ശതമാനമായിരുന്നു ടീമിന്റെ ബോള്‍ പൊസഷന്‍. മുഹമ്മദ് മുഖ്‌ലിസിനെ തള്ളി വീഴ്ത്താന്‍ ശ്രമിച്ചതിന് 84ാം മിനുറ്റില്‍ പകരക്കാരനായി വന്ന കൊറിയന്‍ മിഡ്ഫീല്‍ഡര്‍ പെയ്ക് ക്വാങ്മിന്‍ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി. നാലു വട്ടം റഫറിക്ക് മഞ്ഞക്കാര്‍ഡുയര്‍ത്തേണ്ടിയും വന്നു.

കൊറിയയുടെ ഫ്രീകിക്കില്‍ നിന്നായിരുന്നു കളിയുടെ തുടക്കം. തൊട്ടടുത്ത നിമിഷം മുതല്‍ കളി സ്‌പെയിനിന്റെ വരുതിയിലായി. രണ്ടാം മിനുറ്റില്‍ സീസര്‍ ഗെലാബെര്‍ട്ടിന്റെ ക്ലോസ് റേഞ്ച് നേരിയ വ്യത്യാസത്തില്‍ പുറത്തായി.പിന്നാലെ താരത്തിന്റെ പ്രായശ്ചിത്തം. ഗെലാബെര്‍ട്ട് നീട്ടിയ നല്‍കിയ പാസില്‍ നിന്ന് മുഹമ്മദ് മുഖ്‌ലിസിന്റെ തകര്‍പ്പന്‍ ഫിനിഷിങ്. ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് താരം തൊടുത്ത ഷോട്ട് കൊറിയയുടെ പ്രതിരോധ കോട്ട തകര്‍ത്ത് വലയുടെ മധ്യഭാഗത്ത് തന്നെ പതിച്ചു.പന്ത്‌കൊറിയയുടെ കളത്തില്‍ തന്നെയായിരുന്നു. സ്പാനിഷ് ഗോളി അല്‍വാരോ ഫെര്‍ണാണ്ടസിന് അധികം അധ്വാനിക്കേണ്ടി വന്നില്ല, കൊറിയക്ക് ഇടയ്‌ക്കെങ്കിലും കിട്ടിയ അവസരങ്ങള്‍ ഗോളിയെ പരീക്ഷിച്ചതേയില്ല. സെര്‍ജിയോ ഗോമസിന്റേതായിരുന്നു അടുത്ത ശ്രമം. മൈതാനത്തിന്റെ വലതു ‘ഭാഗത്ത് ശ്രമകരമായ ആംഗിളില്‍ നിന്ന് ഗോമസ് തൊടുത്ത ഷോട്ട്തടുക്കാന്‍ കൊറിയന്‍ ഗോളി സിന്‍ തീ സോങ് ബോക്‌സിനകത്തേക്ക് കയറി.

പന്ത് തടുക്കാനുള്ള ശ്രമം വിജയിച്ചില്ല, വല ലക്ഷ്യമാക്കി വന്ന പന്തിനെ പ്രതിരോധ താരം തടഞ്ഞു, കൊറിയക്ക് ഗോളിക്കും ആശ്വാസം. ആദ്യ പകുതിയുടെ അധിക സമയത്ത് ടോറസിലൂടെ ലീഡുയര്‍ത്താനുള്ള സ്‌പെയിനിന്റെ ശ്രമം പിന്നെയും പോസ്റ്റില്‍ തട്ടി ഇല്ലാതായി. രണ്ടാം പകുതിയില്‍ ടൂര്‍ണമെന്റിലെ ആദ്യ ഗോളിനായി കൊറിയ ചില ശ്രമങ്ങള്‍ നടത്തി, ഫലമുണ്ടായില്ല. 72ാം മിനുറ്റില്‍ ഗെലാബെര്‍ട്ട് സ്‌പെയിനിന്റെ ലീഡുയര്‍ത്തി. വലതു’ഭാഗത്ത് നിന്ന് വന്ന പാസ് ആദ്യം സ്വീകരിച്ചത് പകരക്കാരനായി വന്ന ജോസെ അലോണ്‍സെയായിരുന്നു. വലയിലേക്ക് നീട്ടിയ പന്ത്് ഗോളിയില്‍ തട്ടി ബോക്‌സിന് മുന്നിലേക്ക്, ഗോളിയും പ്രതിരോധ താരവും എത്തും മുമ്പേ പന്ത് കാലിലാക്കിയ ഗെലാബെര്‍ട്ട് അനായാസം ലക്ഷ്യം കണ്ടു.

SHARE